KSDLIVENEWS

Real news for everyone

ടീസ്‌തയ്‌ക്ക്‌ ജാമ്യം നല്‍കും ; പൊട്ടിത്തെറിച്ച്‌ സുപ്രീംകോടതി ; ഗുജറാത്ത് പൊലീസിനും ഹെെക്കോടതിക്കും വിമര്‍ശം

SHARE THIS ON

ന്യൂഡല്‍ഹി

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നാരോപിച്ച്‌ അറസ്റ്റ് ചെയ്ത സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദിന് ജാമ്യം നല്‍കുമെന്ന സൂചന നല്‍കി സുപ്രീംകോടതി.

ഗുജറാത്ത് സര്‍ക്കാരിനെയും ടീസ്തയുടെ ജാമ്യാപേക്ഷ ആറാഴ്ച നീട്ടിയ ഹൈക്കോടതിയെയും രൂക്ഷമായി വിമര്‍ശിച്ച്‌ ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച്.രണ്ടുമാസമായി ഒരു വനിതയെ കസ്റ്റഡിയില്‍ വച്ചിട്ടും കുറ്റപത്രംപോലും സമര്‍പ്പിച്ചില്ല.

കൊലപാതകമോ പരിക്കേല്‍പ്പിക്കലോ പോലുള്ള ഗുരുതര കുറ്റങ്ങള്‍ ടീസ്തയുടെ പേരില്‍ ഇല്ലെന്ന് വാക്കാല്‍ വ്യക്തമാക്കിയ കോടതി, ജാമ്യം നല്‍കുന്നതില്‍നിന്ന് തടയുന്ന ഒന്നുംതന്നെയില്ലെന്നും പറഞ്ഞു. സാധാരണ കേസന്വേഷണത്തിന്റെ തുടക്കത്തില്‍മാത്രം കസ്റ്റഡി ആവശ്യമുള്ള കുറ്റങ്ങള്‍ മാത്രമാണിതെന്നും കോടതി വ്യക്തമാക്കി.

സാകിയ ജഫ്രിയുടെ ഹര്‍ജി തള്ളിയതിന്റെ പിറ്റേന്നുതന്നെ ടീസ്തയടക്കമുള്ളവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ്, സുപ്രീംകോടതിയുടെ വിധിയിലുള്ളതിനേക്കാള്‍ കൂടുതലൊന്നും എഫ്‌ഐആറില്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടി. ടീസ്തയ്ക്ക് ജാമ്യം നല്‍കുമെന്ന് കോടതി വ്യക്തമാക്കിയതോടെ ഉത്തരവ് വെള്ളിയാഴ്ചത്തേക്ക് മാറ്റണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. വെള്ളി പകല്‍ രണ്ടിന് കേസ് പരിഗണിക്കുമെന്ന് ബെഞ്ച് അറിയിച്ചു. അതേസമയം, ആഗസ്ത് മൂന്നിന് ജാമ്യാപേക്ഷയില്‍ ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസ് നല്‍കിയ ഹൈക്കോടതി സെപ്തംബര്‍ 19നുമാത്രം മറുപടി നല്‍കിയാല്‍ മതിയെന്ന നിലപാടെടുത്തതില് സുപ്രീംകോടതി ആശ്ചര്യം പ്രകടിപ്പിച്ചു. ഇത് ഹൈക്കോടതിയുടെ സാധാരണ രീതിയാണോയെന്ന് ആരാഞ്ഞ സുപ്രീംകോടതി സമാന കേസില്‍ ഏതെങ്കിലും സ്ത്രീയുടെ ജാമ്യാപേക്ഷ മാറ്റിയിട്ടുണ്ടോയെന്നും ചോദിച്ചു. ടീസ്തയ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!