കൈകൂപ്പി മുഖ്യമന്ത്രി, കൈചേര്‍ത്ത് യാത്രപറഞ്ഞ് പ്രധാനമന്ത്രി മോദി

കൊച്ചി: തദ്ദേശീയമായി രൂപകല്പന ചെയ്തു നിര്‍മിച്ച ആദ്യ വിമാനവാഹിനിയായ ഐഎന്‍സ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍നിന്ന് മടങ്ങി. കൊച്ചി വിമാനത്താവളത്തില്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, ഡിജിപി അനില്‍ കാന്ത് എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ യാത്രയാക്കി. കൈകൂപ്പി യാത്രപറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ കൂപ്പുകൈകളില്‍ കൈചേര്‍ത്തുപിടിച്ചാണ് മോദി യാത്രപറഞ്ഞത്. ഇതിന്റെ ചിത്രങ്ങള്‍ ശ്രദ്ധേയമായി.
ഇന്ത്യയുടെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കാനുള്ള സര്‍ക്കാരിന്റെ ഊന്നലിന്റെ ഉദാഹരണമാണ് ഐഎന്‍എസ് വിക്രാന്തെന്ന് കപ്പല്‍ രജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. വിക്രാന്ത് വെറുമൊരു യുദ്ധകപ്പലല്ല. വിശാലമാണ്, വിരാടാണ്, വിശിഷ്ടമാണ്. 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ കഠിനാധ്വാനത്തിന്റെയും കഴിവിന്റെയും സ്വാധീനത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണിത്. കേരള തീരത്ത് ഓരോ ഭാരതീയനും ഇന്ന് പുതിയ ഭാവിയുടെ സൂര്യോദയത്തിന് സാക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി കൊച്ചി മെട്രോ ദീര്‍ഘിപ്പിക്കലിന്റെയും കേരളത്തിലെ റെയില്‍വേ വികസനപദ്ധതികളുടെയും ഉദ്ഘാടനവും നിര്‍വഹിച്ചിരുന്നു. വൈകുന്നേരം നെടുമ്പാശ്ശേരിയില്‍ നടന്ന ബി.ജെ.പി. പൊതുസമ്മേളനത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി കാലടിയിലെ ആദിശങ്കര ജന്മഭൂമി ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു

