ഇന്ത്യയില്‍ ജനാധിപത്യം ആക്രമിക്കപ്പെടുന്നു: ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനുള്ള സാഹചര്യം വേണം; രാഹുല്‍ ഗാന്ധി

ബൊഗോട്ട (കൊളംബിയ): ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.
ഇന്ത്യയില്‍ നിരവധി മതങ്ങളും സംസ്‌കാരങ്ങളും ഭാഷകളുമുണ്ട്. ഒരു ജനാധിപത്യ സംവിധാനം എന്നാല്‍ എല്ലാവർക്കും ഇടം നല്‍കുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ജനാധിപത്യ സംവിധാനം എല്ലാ ഭാഗത്ത് നിന്ന് ആക്രമണം നേരിടുകയാണെന്നും രാഹുല്‍ പറഞ്ഞു. കൊളംബിയയിലെ ഇഐഎ യൂണിവേഴ്‌സിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്ക് അപാരമായ സാധ്യതകളുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയില്‍ ചൈനയെക്കാള്‍ ജനസംഖ്യയുണ്ട്. ചൈനയുടെ കേന്ദ്രീകൃത സംവിധാനത്തിന് പകരം വികേന്ദ്രീകൃതവും വൈവിധ്യമാർന്നതുമായ സംവിധാനമാണ് ഇന്ത്യക്കുള്ളത്. ഇന്ത്യയുടെ സംവിധാനങ്ങള്‍ വളരെ സങ്കീർണമാണ്. ചൈനയില്‍ നിന്ന് വ്യത്യസ്തമാണ് ഇന്ത്യയുടെ ശക്തി. ഇന്ത്യക്ക് പുരാതനമായ ആത്മീയവും പ്രത്യയശാസ്ത്രപരവുമായ പാരമ്ബര്യമുണ്ടെന്നും അത് ഇന്നത്തെ ലോകത്ത് വളരെ ഉപകാരപ്രദമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തെക്കേ അമേരിക്കൻ പര്യടനത്തിന്റെ ഭാഗമായി തിങ്കളാഴ്ചയാണ് രാഹുല്‍ ഗാന്ധി കൊളംബിയയില്‍ എത്തിയത്. രാഷ്ട്രീയ നേതാക്കള്‍, സർവകലാശാല വിദ്യാർഥികള്‍, ബിസിനസുകാർ തുടങ്ങിയവരുമായി രാഹുല്‍ സംവദിക്കുന്നുണ്ട്. രാഹുല്‍ കൊളംബിയയില്‍ എത്തിയതിന്റെ വീഡിയോ കോണ്‍ഗ്രസ് ഔദ്യോഗിക എക്‌സ് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.

