വീണ്ടും ബുള്‍ഡോസര്‍ രാജ്: ഉത്തര്‍പ്രദേശിലെ സംഭലില്‍ 10 വര്‍ഷം പഴക്കമുള്ള മസ്ജിദിന്റെ ഭാഗം പൊളിച്ചു നീക്കി

ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ രാജ്. സംഭലിലെ രാരിബുസൂർഗ് ഗ്രാമത്തിലെ ഒരു മസ്ജിദിൻ്റെ ഭാഗം പൊളിച്ചു നീക്കി. 10 വർഷം പഴക്കമുള്ള മസ്‌ജിദിനെതിരെ അനധികൃത നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 30 ദിവസം മുമ്പ് നോട്ടീസ് നൽകിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.
മസ്‌ജിദിൻ്റെ ഒരു ഭാഗം സമീപത്തെ തടാകത്തിന് സമീപത്താണ് നിർമിച്ചിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. ഇതിന് പുറമെ സമീപത്തെ കല്യാണ മണ്ഡപവും പൊളിച്ചു. വളരെക്കാലമായി ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയായിരുന്നുവെന്നും നോട്ടീസ് നൽകിയിട്ടും അനധികൃത നിർമാണം നീക്കിയില്ലെന്നുമാണ് അധികൃതരുടെ ആരോപണം.
സർക്കാർ ഭൂമിയിലെ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ കൈയേറ്റമോ നിർമാണമോ അനുവദിക്കില്ലെന്ന് അധികൃതർ പറയുന്നു. അസ്മോലി പൊലീസ് സ്റ്റേൻ പരിധിയിലാണ് പള്ളി പൊളിച്ചുനീക്കുന്നത്. ഡ്രോൺ കാമറയുടെ സഹായത്തോടെ പ്രദേശങ്ങൾ പൊലീസ് നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. അസ്മോലിയിൽ പൊളിക്കൽ പ്രവർത്തനത്തിന് മുന്നോടിയായി, പൊലീസ് റൂട്ട് മാർച്ച് നടത്തിയിരുന്നു

