KSDLIVENEWS

Real news for everyone

ബ്രസീൽ ടീം എത്തി: കൊൽക്കത്ത ഒരുങ്ങി; സൗഹൃദ മത്സരം ശനിയാഴ്ച

SHARE THIS ON

കൊൽക്കത്ത: പന്തുരുണ്ടുരുണ്ട് ഒരുപാട് കഥകളും ചരിത്രങ്ങളുമുണ്ടായ മണ്ണിലേക്ക് ഫുട്ബോളിലെ ചരിത്രപുരുഷന്മാരുടെ പുതിയ തലമുറ എത്തി. സാംബാത്താളമെന്നും മഞ്ഞപ്പടയോട്ടമെന്നുമെല്ലാം വിശേഷിപ്പിക്കുന്ന, പരശ്ശതം ആരാധകരുള്ള ബ്രസീൽ ടീം. ഇനി കളി ടീം ഇന്ത്യയോടാണ്.

ലോകകപ്പ് കളിച്ചതിന്റെ വമ്പുമായെത്തിയ പാനമയെ വിറപ്പിച്ച ഇന്ത്യൻ ടീമും അഞ്ചുവട്ടം ലോകചാമ്പ്യൻമാരായ ബ്രസീൽ ടീമും ശനിയാഴ്ചയാണ് സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ കൊമ്പുകോർക്കുന്നത്. മത്സരത്തിനായുള്ള ബ്രസീൽ ടീമാണ് വ്യാഴാഴ്ച രാത്രി കൊൽക്കത്തയിലെത്തിയത്.

ബ്രസീൽ ആദ്യമായിട്ടാണ് ഇന്ത്യയിലേക്ക് കളിക്കാനെത്തുന്നത്. വിഖ്യാത പരിശീലകൻ കാർലോ ആഞ്ചലോട്ടി പരിശീലിപ്പിക്കുന്ന ടീമിൽ വിനീഷ്യസ്, ബ്രൂണോ ഗിമാറസ്, റയാൻ, ഡാനിലോ, എൻഡ്രിക്, എസ്താവോ, പെഡ്രോ തുടങ്ങിയ വമ്പൻതാരങ്ങളുണ്ട്. പരിക്കുമൂലം റഫീന്യയെ ടീമിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ രണ്ട് സൗഹൃദമത്സരം കളിച്ചശേഷമാണ് ടീമിന്റെ വരവ്. അവസാനകളിയിൽ ഓസീസിനെ 4-2ന് തോൽപ്പിച്ചിരുന്നു.

ഇന്ത്യൻ ടീം കൊൽക്കത്തയിൽ തീവ്രപരിശീലനത്തിലാണ്. പാനമയെ വിറപ്പിച്ചതിന്റെ ആവേശം ക്യാമ്പിലുണ്ട്. ഖാലിദ് ജമീലാണ് ടീമിന്റെ തന്ത്രങ്ങളൊരുക്കുന്നത്. മലയാളി താരങ്ങളായ സഹൽ അബ്ദുസമദ്, ആഷിഖ് കുരുണിയൻ എന്നിവർ ടീമിലുണ്ട്.

ഓസ്ട്രേലിയൻ വംശജനായ റയാൻ വില്യംസാണ് ഇന്ത്യൻ ടീമിന്റെ കുന്തമുന. ഇരുടീമുകളും വെള്ളിയാഴ്ച പരിശീലനത്തിനിറങ്ങും. മത്സരത്തിനുള്ള ടിക്കറ്റുകൾ വിറ്റുതീർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!