കോവിഡ്: മുംബൈ ചേരികളിലെ 80 % ജനങ്ങളും ഹെര്‍ഡ് ഇമ്യൂണിറ്റി കൈവരിക്കുമെന്ന് പഠനം

മുംബൈ: മുംബൈയുടെ കോവിഡ് ഗ്രാഫിലെ അടുത്ത വർധനവ് മെയ്, സെപ്റ്റംബർ മാസത്തിലെ വർധനവിനോളം രൂക്ഷമാകില്ലെന്ന് പഠനം. എന്നാൽ ഉത്സവ സീസണോട് അനുബന്ധിച്ച് നവംബർ ആദ്യവാരം നഗരം പൂർണമായും തുറന്നാൽ ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം ഉയരുമെന്നും കൊളാബയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിലെ (ടിഎഫ്ആർ) ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
നഗരത്തിലെ ചേരി ജനസംഖ്യയുടെ 80 ശതമാനവും ചേരി ഇതര ജനസംഖ്യയുടെ 55 ശതമാനവും 2021 ജനുവരിയോടെ ഹെർഡ് ഇമ്യൂണിറ്റി (ആർജിത പ്രതിരോധം) കൈവരിക്കുമെന്ന് ടി.എഫ്.ആർ ടീം വ്യക്തമാക്കി. ദീപാവലിക്ക് ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷമുള്ള കോവിഡ് കേസുകളുടെ വർധനവ് കഴിഞ്ഞ തവണത്തെ വർധനവിനെ അപേക്ഷിച്ച് കുറവായിരിക്കുമെന്നും മുംബൈയിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ടി.എഫ്.ആർ വ്യക്തമാക്കി.
വിനായക ചതുർത്ഥി ഉത്സവം അവസാനിച്ച ഓഗസ്റ്റിനെ അപേക്ഷിച്ച് ഇപ്പോൾ കൂടുതൽ പേർക്ക് കോവിഡ് ബാധിച്ചതിനാലാണിതെന്നാണ് അവർ ചൂണ്ടിക്കാണിച്ചത്. അളുകൾക്ക് വൈറസിനെതിരേ ചില പ്രതിരോധ ശേഷി കൈവരിക്കാൻ സാധിച്ചുവെന്നും ടിഎഫ്ആർ സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ഡീൻ സന്ദീപ് ജുൻജ പറഞ്ഞു.
സമ്പദ്വ്യവസ്ഥയും ലോക്കൽ ട്രെയിനുകളും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്ന നവംബർ, ജനുവരി മാസങ്ങളിൽ കേസുകൾ വർധിച്ചേക്കാമെന്നാണ് പ്രവചിക്കുന്നത്. എന്നാൽ 2021 ൽ സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കുന്നത് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാക്കിയേക്കില്ലെന്നാണ് ടിഎഫ്ആർ ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്.

