KSDLIVENEWS

Real news for everyone

വമ്പന്‍ അട്ടിമറിയിലൂടെ ജപ്പാന്‍ പ്രീ ക്വാര്‍ട്ടറില്‍, തോറ്റിട്ടും സ്‌പെയിന്‍ അവസാന 16-ല്‍

SHARE THIS ON

ദോഹ: അത്ഭുതമേ നിന്റെ പേരാണ് ഫുട്ബോള്‍. മഹാത്ഭുതമേ നിന്നെ ജപ്പാന്‍ എന്നു വിളിക്കാം. പടയോട്ടത്തില്‍ രണ്ട് ലോകചാമ്പ്യന്മാരുടെ തല കൊയ്യുക. ചാരത്തില്‍ നിന്ന് ഫീനിക്സിനേക്കാള്‍ കരുത്തോടെ ഉയിര്‍ത്തെഴുന്നേറ്റ് ഉദിച്ചുനില്‍ക്കുക. ഇതൊക്കെ ജപ്പാനല്ലാതെ വേറെ ആര്‍ക്ക് സാധിക്കും. ലോകകപ്പിന്റെ ചരിത്രത്തില്‍ വേറെ ആര്‍ക്ക് സാധിച്ചിട്ടുണ്ട്. സ്പെയിനിന്റെ ടിക്കിടാക്കയെ അതിലും സുന്ദരമായ ആക്രമണ ഫുട്ബോള്‍ കൊണ്ട്, അതിലും ചാരുതയാര്‍ന്ന ചടുലവേഗം കൊണ്ട് കീഴടക്കി അവസാന പതിനാറിലേയ്ക്ക് രാജകീയമായി എഴുന്നള്ളിയിരിക്കുകയാണ് ഉദയസൂര്യന്റെ നാട്ടുകാര്‍.

വിജയം അനിവാര്യമായ ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ 2010ലെ ചാമ്പ്യന്മാരായ സ്പെയിനിനോട് ഒരു ഗോള്‍ വഴങ്ങിയ ശേഷം രണ്ടെണ്ണം അത്ഭുതകരമായ തിരിച്ചടിച്ചാണ് ജപ്പാന്റെ കുതിപ്പ്. (2-1). മനോഹരമായ ടിക്കി ടാക്ക കൊണ്ട് ആദ്യ മത്സരത്തില്‍ കോസ്റ്ററീക്കയെ ആറ് ഗോളില്‍ മുക്കിയ ചരിത്രമുള്ള സ്പെയിന്‍ ഗ്രൂപ്പ് റൗണ്ടില്‍ നേരിടുന്ന ആദ്യ തോല്‍വിയാണിത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കോസ്റ്ററീക്കയെ മറികടന്നെങ്കിലും ജര്‍മനി തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. നാലു പോയിന്റായെങ്കിലും ഗോള്‍ശരാശരിയാണ് ജര്‍മനിക്ക് മേല്‍ സ്പെയിനിന് മേല്‍ക്കൈ നല്‍കിയത്..


പതിനൊന്നാം മിനിറ്റില്‍ തന്നെ സ്പെയിന്‍ ലീഡ് നേടി. അല്‍വരോ മൊറാട്ടയുടെ എണ്ണം പറഞ്ഞ ഗോളിലൂടെ. നാല്‍പത്തിയെട്ടാം മിനിറ്റില്‍ റിറ്റ്സു ഡാവോനാണ് കണക്കുകൂട്ടല്‍ തെറ്റിച്ച് ജപ്പാനെ ഒപ്പമെത്തിച്ചത്. മൂന്ന് മിനിറ്റേ വേണ്ടിവന്നുള്ളൂ. ജപ്പാന്‍ വീണ്ടും വല കുലുക്കി. ആവോ തനാക്കയുടെ ഗോളില്‍. എന്നാല്‍, ഈ പന്ത് ഡാവോന്‍ പോസ്റ്റിന് മുന്നിലേയ്ക്ക് ചെത്തിയിടുമ്പോള്‍ ഗോള്‍ലൈ കടന്നിരുന്നുവെന്നായിരുന്നു റഫറിയുടെ വിധി. എന്നാല്‍, വാര്‍ പരിശോധിച്ചപ്പോള്‍ ജപ്പാന്‍ രക്ഷപ്പെട്ടു. അവിശ്വസനീയമായ ലീഡ്. അത്യന്തം നാടകീയമായാണ് ജപ്പാന് ഈ ഗോള്‍ അനുവദിക്കപ്പട്ടത്. അവസാന നിമിഷം തിരമാല പോലെ സ്പെയിന്‍ ഇരമ്പിക്കൊണ്ടിരുന്നെങ്കിലും ഗോളി ഗോണ്ടയും സെന്‍ട്രല്‍ ഡിഫന്‍ഡര്‍ യോഷിദയും വന്‍മതിലുകളായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!