KSDLIVENEWS

Real news for everyone

രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ 202 ന് പുറത്ത്, ദക്ഷിണാഫ്രിക്ക ഒന്നിന് 35

SHARE THIS ON

ജൊഹാനസ്ബർഗ്:ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മത്സരം അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസെടുത്തു. 11 റൺസെടുത്ത് നായകൻ ഡീൻ എൽഗറും 14 റൺസുമായി കീഗൻ പീറ്റേഴ്സണും പുറത്താകാതെ നിൽക്കുന്നു. എയ്ഡൻ മാർക്രത്തിന്റെ വിക്കറ്റാണ് നഷ്ടമായത്.

സ്കോർ 14-ൽ നിൽക്കേ 7 റൺസെടുത്ത മാർക്രത്തെ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി. ആദ്യ ദിനം 81.1 ഓവറുകളാണ് മത്സരം നടന്നത്. 11 വിക്കറ്റുകളും വീണു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 202 റൺസിന് ഓൾ ഔട്ടായി. അർധസെഞ്ചുറി നേടിയ നായകൻ കെ.എൽ.രാഹുലും 46 റൺസെടുത്ത ആർ അശ്വിനും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. ഇന്ത്യൻ മധ്യനിര ബാറ്റിങ് വൻപരാജയമായി.


ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ടീം സ്കോർ 36-ൽ നിൽക്കേ ഓപ്പണർ മായങ്ക് അഗർവാൾ പുറത്തായി. 37 പന്തുകളിൽ നിന്ന് 26 റൺസെടുത്ത മായങ്കിനെ മാർക്കോ ജാൻസൺ കൈൽ വെറെയ്നെയുടെ കൈയ്യിലെത്തിച്ചു. മായങ്കിന് പകരം ചേതേശ്വർ പൂജാര ക്രീസിലെത്തി. എന്നാൽ പൂജാരയും നിരാശപ്പെടുത്തി. 33 പന്തുകളിൽ നിന്ന് മൂന്ന് റൺസ് മാത്രമെടുത്ത പൂജാരയെ ഡ്യൂവാൻ ഒലിവിയർ പുറത്താക്കി. പ്രതിരോധിക്കാൻ ശ്രമിച്ച പൂജാരയുടെ ഗ്ലൗസിൽ തട്ടിയുയർന്ന പന്ത് തെംബ ബാവുമ കൈയ്യിലൊതുക്കി. തൊട്ടടുത്ത പന്തിൽ അജിങ്ക്യ രഹാനെയെയും മടക്കി ഒലിവിയർ ഇന്ത്യയ്ക്ക് ഇറട്ട പ്രഹരമേൽപ്പിച്ചു. രഹാനെ നേരിട്ട ആദ്യ പന്തിൽ തന്നെ കീഗൻ പീറ്റേഴ്സണ് ക്യാച്ച് നൽകി പുറത്തായി. അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് രഹാനെ പുറത്തായത്. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും രാഹുൽ പിടിച്ചുനിന്നു.

രഹാനെയ്ക്ക് പകരം വന്ന ഹനുമ വിഹാരിയെ കൂട്ടുപിടിച്ച് രാഹുൽ ടീം സ്കോർ ഉയർത്തി. വിഹാരി നന്നായി തുടങ്ങിയെങ്കിലും ആ മികവ് നിലനിർത്താൻ സാധിച്ചില്ല. സ്കോർ 91-ൽ നിൽക്കേ 53 പന്തുകളിൽ നിന്ന് 20 റൺസെടുത്ത വിഹാരിയെ റബാദ വാൻ ഡ്യൂസ്സന്റെ കൈയ്യിലെത്തിച്ചു. തകർപ്പൻ ക്യാച്ചിലൂടെയാണ് ഡ്യൂസ്സൻ വിഹാരിയെ മടക്കിയത്. വിഹാരിയ്ക്ക് പകരമായി വന്ന ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് രാഹുൽ ടീം സ്കോർ 100 കടത്തി. പിന്നാലെ ഇന്ത്യൻ നായകൻ അർധസെഞ്ചുറിയും നേടി. പക്ഷേ അർധസെഞ്ചുറി നേടിയതിനുപുറകേ അനാവശ്യ ഷോട്ട് കളിച്ച് രാഹുൽ പുറത്തായി.133 പന്തുകളിൽ നിന്ന് 50 റൺസെടുത്ത രാഹുലിനെ മാർക്കോ ജാൻസൺ കഗിസോ റബാദയുടെ കൈയ്യിലെത്തിച്ചു.


ഋഷഭ് പന്തും റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. വെറും 17 റൺസ് മാത്രമെടുത്ത പന്തിനെ ജാൻസൺ വിക്കറ്റ് കീപ്പർ വെറെയ്നിന്റെ കൈയ്യിലെത്തിച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച ആർ.അശ്വിനാണ് ഇന്ത്യയ്ക്ക് മാന്യമായ ടോട്ടൽ സമ്മാനിച്ചത്. 50 പന്തുകളിൽ നിന്ന് 46 റൺസെടുത്ത അശ്വിൻ ഏകദിന ശൈലിയിൽ ബാറ്റുവീശി. ഒടുവിൽ മാർക്കോ ജാൻസണ് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയും ചെയ്തു.

ഇന്ത്യയുടെ വാലറ്റവും പരാജയപ്പെട്ടു. ശാർദുൽ ഠാക്കൂർ (0), മുഹമ്മദ് ഷമി (9), സിറാജ് (1) എന്നിവർ അതിവേഗത്തിൽ മടങ്ങി. 14 റൺസെടുത്ത് പുറത്താവാതെ നിന്ന ജസ്പ്രീത് ബുംറയാണ് ടീം സ്കോർ 200 കടത്തിയത്.

മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ ജാൻസൺ നാല് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാദ, ഡ്യൂവാൻ ഒലിവിയർ എന്നിവർ മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!