വടകരയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍

വടകര: കോഴിക്കോട് വടകരയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.സോഷ്യല്‍ മീഡിയ വഴിയാണ് ഷഫീഖ് രാജനെ പരിചയപ്പെട്ടത്. കൊല്ലപ്പെട്ട രാജന് ഉപയോഗിച്ച സ്വര്‍ണം കൈക്കലാക്കുകയാണ് പ്രതിയുടെ ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏറെ വിവാദമായ വടകരയിലെ വ്യാപാരിയുടെ കൊലപാതകക്കേസില്‍ ഒരാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയായ മുഹമ്മദ് ഷഫീഖാണ് പിടിയിലായത്. പ്രതിയുടെ ഫോട്ടോ പുറത്ത് വിട്ടതിനെ തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വടകരയില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോളാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് വരുന്നതായും റൂറല്‍ എസ്.പി ആര് കറപ്പസ്വാമി പറഞ്ഞു.
ഡിസംബര്‍ 25നാണ് വടകര പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയില്‍ വ്യാപാരിയായ രാജനെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

