കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

കണ്ണൂര്‍: ”കാറിനുള്ളില്‍ തീ ആളിപ്പടരുമ്പോള്‍ അവര്‍ രണ്ടുപേരും രക്ഷിക്കണേയെന്ന് നിലവിളിച്ചു. ഡ്രൈവര്‍സീറ്റിലിരുന്ന ആള്‍ കാറിന്റെ ഡോര്‍ തുറക്കാനുള്ള ശ്രമത്തിലായിരുന്നു. പുറത്തിറങ്ങിയവരാകട്ടെ, എന്തുചെയ്യണമെന്നറിയാതെ നിലത്തുവീണ് നിലവിളിച്ചു. എന്ത് ചെയ്യണമെന്നറിയാതെ ഞാനും…” – കണ്ണൂരില്‍ കാര്‍ കത്തിയുണ്ടായ അപകടം നേരില്‍ കണ്ട കണ്ണൂര്‍ മാര്‍ക്കറ്റ് റോഡിലെ വാന്‍ഡ്രൈവര്‍ കാപ്പാട് സ്വദേശി എന്‍. സജീര്‍ പറയുന്നു. ജില്ലാ ആസ്പത്രിഭാഗത്തേക്ക് പോകുകയായിരുന്ന സജീര്‍ പെട്ടെന്നാണ് മുന്നിലുള്ള കാറില്‍നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. വണ്ടി നിര്‍ത്തി ഓടിയെത്തുമ്പോഴേക്കും കാറിന്റെ പിന്‍സീറ്റിലുള്ളവര്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ മുന്‍സീറ്റിലുള്ളവരെ പുറത്തെത്തിക്കാന്‍ നാട്ടുകാരടക്കം അഞ്ചാറുപേര്‍ ശ്രമിച്ചെങ്കിലും തീ പടരുന്നതിനാല്‍ പറ്റിയില്ല. ”കല്ല് ഉപയോഗിച്ച് ഗ്ലാസ് തകര്‍ത്ത് രക്ഷിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഇതിനിടയില്‍ രണ്ടുപേരെയും തീ വിഴുങ്ങിക്കഴിഞ്ഞിരുന്നു. ദാരുണരംഗം കണ്ട് കൈകാലുകള്‍ തളര്‍ന്നുപോകുന്നത് പോലെ തോന്നി. ഇതിനിടയില്‍ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനമേറ്റെടുത്തു” -സജീര്‍ പറഞ്ഞു. ഒരാള്‍ ഓടിയെത്തി വിവരമറിയിച്ച ഉടനെ ടീം അപകടസ്ഥലത്ത് എത്തിയെന്ന് അഗ്‌നിരക്ഷാസേന കണ്ണൂര്‍ യൂണിറ്റ് ഓഫീസര്‍ കെ.വി. ലക്ഷ്മണന്‍ പറഞ്ഞു. 30 സെക്കന്‍ഡിനുള്ളില്‍ അവിടെ എത്തി. അരമിനിറ്റിനുള്ളില്‍ തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചു. കട്ടര്‍ ഉപയോഗിച്ച് ഡോര്‍ തകര്‍ത്താണ് ദമ്പതിമാരെ പുറത്തെടുത്തത്. പിറകിലെ ഡോറിലൂടെ പ്രജിത്ത് പുറത്ത് കടക്കാനുള്ള ശ്രമം നടത്തിയതായി മനസ്സിലാക്കാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. നിലവിളി ചങ്കുതകര്‍ത്തു; എന്നിട്ടും ഒന്നും ചെയ്യാനായില്ലല്ലോ… കണ്ണൂര്‍: തീപടര്‍ന്ന് ആളിക്കത്തുന്ന കാര്‍, വാഹനത്തിനകത്തുനിന്നും പുറത്തുംനിന്നും ഉയരുന്ന നിലവിളി. കാറിനുള്ളില്‍ അകപ്പെട്ടുപോയവരെ രക്ഷിക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിട്ടും ഒന്നും ചെയ്യാനാകാതെ നിസ്സഹായരായി നില്‍ക്കേണ്ടിവന്നതിന്റെ നിരാശയും സങ്കടവുമായിരുന്നു അപകടം കണ്‍മുന്നില്‍ കണ്ടവര്‍ക്ക്. കണ്ട ദൃശ്യങ്ങള്‍ മാഞ്ഞുപോയിട്ടില്ല ഇവരുടെ കണ്ണിന് മുന്നില്‍നിന്ന്. വാഹനത്തില്‍നിന്ന് തീ ഉയരുന്നതുകണ്ടാണ് വഴിയാത്രക്കാരും പരിസരത്തുണ്ടായിരുന്നവരും ഓടിയെത്തിയത്. എന്താണ് സംഭവിച്ചെതെന്നറിയാതെ പരിഭ്രാന്തരായി പലരും. വാഹനത്തിനുള്ളില്‍നിന്ന് പ്രജിത്തും റീഷയും നിലവിളിക്കുന്നുണ്ടായിരുന്നു. കാറിനടുത്തേക്ക് ആളുകള്‍ ഓടിയെത്തുന്നുണ്ടെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാന്‍ കഴിയാത്തവിധം തീ പടര്‍ന്നിരുന്നു. കാറിന്റെ മുന്‍വാതില്‍ തുറക്കാന്‍ ആളുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചൂട് സഹിക്കാനാകാതെ പിന്‍വാങ്ങി. ഒന്നും ചെയ്യാനാകാതെ പലരും തലയില്‍ കൈവച്ച് തകര്‍ന്ന മനസ്സോടെ നിലത്തിരുന്നു. മരിച്ചത് ആരാണെന്ന് അറിയില്ലെങ്കിലും സ്ത്രീകളുള്‍പ്പടെ പലരും പൊട്ടിക്കരഞ്ഞു. കാറില്‍നിന്ന് രക്ഷപ്പെട്ടവരുടെ നിലവിളിയും നിസ്സഹായതയും കണ്ടുനിന്നവരുടെ ഉള്ളുതകര്‍ത്തു. അഗ്‌നിരക്ഷാസേന എത്തിയപ്പോഴേക്കും രണ്ടുപേരുടെയും ജീവന്‍ നഷ്ടമായിരുന്നു. സംഭവമറിഞ്ഞ് കൂടുതലാളുകള്‍ സംഭവസ്ഥലത്തേക്കും ആശുപത്രിയിലേക്കും ഒഴുകിയെത്തിയിരുന്നു. അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി കണ്ണൂര്‍: കാര്‍ കത്തിയമര്‍ന്ന് അച്ഛനും അമ്മയും മരിച്ചതോടെ ഒറ്റയ്ക്കായത് ശ്രീപാര്‍വതി. കുഞ്ഞുവാവയെ പ്രതീക്ഷിച്ച് രാവിലെ അച്ഛന്‍ പ്രജിത്തിനും അമ്മ റീഷയ്ക്കുമൊപ്പം കാറില്‍ ആസ്പത്രിയിലേക്ക് വന്നതായിരുന്നു ശ്രീപാര്‍വതിയും. എന്നാല്‍ യാത്ര വലിയൊരു ദുരന്തത്തിലാണെത്തിയത്. അമ്മയും അച്ഛനും കാറിനുള്ളില്‍ കത്തിയെരിയുന്നതുകണ്ട് കരഞ്ഞുവിളിച്ച എട്ടുവയസ്സുകാരി സംഭവസ്ഥലത്തുണ്ടായിരുന്നവരെ കണ്ണീരണിയിച്ചു. ബന്ധുക്കള്‍ക്കൊപ്പം ആസ്പത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും അച്ഛനും അമ്മയും എവിടെയെന്നായിരുന്നു നിലവിളിച്ചുകൊണ്ട് ശ്രീപാര്‍വതിയുടെ ചോദ്യം. ജില്ലാ ആസ്പത്രിയുടെ അത്യാഹിതവിഭാഗത്തില്‍ കിടക്കുമ്പോഴും ശ്രീപാര്‍വതി ഈ ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു. കണ്‍മുന്നില്‍ കാര്‍ കത്തിയ സംഭവം കുഞ്ഞുമനസ്സില്‍ വലിയൊരു ആഘാതമായി മാറി. സംസ്‌കാരസമയത്ത് ബന്ധുജനങ്ങള്‍ ചേര്‍ത്തുപിടിച്ചുനില്‍ക്കുകയായിരുന്നു കുഞ്ഞിനെ. കണ്ണീരണിഞ്ഞ് നാട് കുറ്റിയാട്ടൂര്‍: കുറ്റിയാട്ടൂരിലെ അന്തരീക്ഷം പോലും കണ്ണീരണിഞ്ഞിരുന്നു. കാത്തിരുന്ന നാടിനും നാട്ടുകാര്‍ക്കും മുന്നിലേക്ക് വൈകിട്ട് അഞ്ചേമുക്കാലോടെ പ്രജിത്തിന്റെയും റീഷയുടേയും മൃതദേഹമെത്തി. പ്രിയപ്പെട്ടവരുടെയെല്ലാം അന്തിമോപചാരമേറ്റുവാങ്ങിയാണ് പ്രജിത്തും റീഷയും യാത്രയായത്. വ്യാഴാഴ്ച രാത്രി എട്ടോടെ ഇരുവരുടെയും മൃതദേഹം കുറ്റിയാട്ടൂര്‍ ചട്ടുകപ്പാറയിലെ ശാന്തിവനത്തില്‍ സംസ്‌കരിച്ചു