മിഹിര്‍ നേരിട്ടത് ഒരു കുട്ടിക്കും സഹിക്കാന്‍ കഴിയാത്തത്; ഹൃദയഭേദകം: രാഹുല്‍ഗാന്ധി

ന്യുഡല്‍ഹി: കൊച്ചിയിലെ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ റാഗിങ്ങിലൂടെ അനുഭവിച്ചത് ഒരു കുട്ടിക്കും സഹിക്കാന്‍ പറ്റാത്ത കാര്യമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. കുട്ടിയുടെ മരണം ഹൃദയഭേദകമെന്നും ഉത്തരവാദികളായവരെയെല്ലാം നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും രാഹുല്‍ഗാന്ധി എക്‌സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
ആള്‍ക്കൂട്ട പീഡനത്തെ നിഷ്‌കളങ്കമായി കാണാന്‍ പറ്റില്ല. ഒരുപക്ഷെ, അത് ജീവന്‍തന്നെ നഷ്ടപ്പെടുത്തിയേക്കാം. ദയയേക്കുറിച്ചും സ്‌നേഹത്തേക്കുറിച്ചും സഹാനുഭൂതിയേക്കുറിച്ചുമൊക്കെ രക്ഷിതാക്കള്‍ കുട്ടികളോട് തുറന്ന് സംസാരിക്കണം. മിഹിറിന്റെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും രാഹുല്‍ഗാന്ധി കുറിപ്പില്‍ വ്യക്തമാക്കി.
ജനുവരി 15-ന് ആണ് തൃപ്പുണിത്തുറയില്‍ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഇരുപത്തിയാറാം നിലയില്‍നിന്ന് ചാടി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ ജീവനൊടുക്കിയത്. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കുട്ടി മറ്റ് വിദ്യാര്‍ഥികളില്‍നിന്ന് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങിയതെന്നും ക്ലോസറ്റില്‍ തല താഴ്ത്തിവെപ്പിച്ച് ഫ്‌ളഷ് ചെയ്യുന്ന തരത്തിലുള്ള പീഡനം അനുഭവിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ നിറത്തിന്റെ പേരിലും കുട്ടി കളിയാക്കലിന് വിധേയനായെന്നും ആരോപിച്ചിരുന്നു.