ഗസ്സയിലെത്തിയ സഹായക്കപ്പല്‍ ഭക്ഷ്യവസ്തുക്കളിറക്കാതെ മടങ്ങുന്നു

ഗസ്സസിറ്റി: വേള്‍ഡ് സെൻട്രല്‍ കിച്ചണിലെ ജീവനക്കാരെ ഇസ്രായേല്‍ അറുകൊല നടത്തിയതിനു പിന്നാലെ ഗസ്സയിലെത്തിച്ച ഭക്ഷ്യവസ്തുക്കള്‍ ഇറക്കാനാകാതെ കപ്പല്‍ തിരിച്ച് സൈപ്രസിലേക്ക്. കപ്പലിലുണ്ടായിരുന്ന 100 ടണ്‍ വസ്തുക്കളാണ് ഇറക്കിയിരുന്നത്. ആക്രമണം നടന്നതോടെ അവശേഷിച്ച 240 ടണ്‍ സഹായവുമായി കപ്പല്‍ തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. ഇരകളോടുള്ള ആദരമായും സുരക്ഷ നിർദേശങ്ങള്‍ ഉറപ്പാക്കാനും ഗസ്സയിലെ പ്രവർത്തനങ്ങള്‍ നിർത്തിവെക്കുകയാണെന്ന് സൈപ്രസ് വിദേശകാര്യ മന്ത്രി കോണ്‍സ്റ്റാന്റിനോസ് കോംബോസ് പറഞ്ഞു. മെഡിറ്ററേനിയൻ കടലില്‍ ഗസ്സയിലേക്ക് ഏറ്റവും അടുത്ത തുറമുഖമായിരുന്ന സൈപ്രസിലെ ലർനാകയില്‍നിന്നായിരുന്നു സഹായക്കപ്പലുകള്‍ പുറപ്പെട്ടിരുന്നത്. ഇത് നിർത്തിവെക്കുന്നതോടെ ഗസ്സയില്‍ അവശ്യവസ്തുക്കള്‍ എത്തുന്ന പ്രധാന മാർഗങ്ങളിലൊന്ന് അടയും.

