ഗാസയ്ക്ക് ഐക്യദാര്‍ഢ്യം’; ഇസ്രയേലുകാര്‍ക്ക് പ്രവേശനവിലക്കുമായി മാലദ്വീപ്, പലസ്തീനായി ധനസമാഹരണ ക്യാമ്പയിനും തുടങ്ങി

മാലി: ഇസ്രയേല്‍ പൌരന്മാർക്ക് പ്രവേശന വിലക്കുമായി മാലദ്വീപ്. ഗാസയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് മാലദ്വീപിന്റെ ഈ നീക്കം.
ഇസ്രയേല്‍ പാസ്പോർട്ടുള്ളവർക്ക് വിലക്ക് ഏർപ്പെടുത്താൻ പ്രസിഡന്റ് മുഹമ്മദ് മുയിസു തീരുമാനിച്ചെന്ന് അദ്ദേഹത്തിന്റെ ഓഫീസാണ് അറിയിച്ചത്. പുതിയ നിയമം എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. പലസ്തീനായി ധനസമാഹരണ കാമ്ബെയ്നും മുയിസു പ്രഖ്യാപിച്ചു.
നിലവില്‍ മാലദ്വീപിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാൻ ഇസ്രയേല്‍ വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ സഹായിക്കാൻ സാധിച്ചേക്കില്ലെന്നും ഇസ്രയേല്‍ പൗരന്മാർക്ക് മുന്നറിയിപ്പ് നല്കി. അള്‍ജീരിയ, ബംഗ്ലാദേശ്, ബ്രൂണെ, ഇറാൻ, ഇറാഖ്, കുവൈറ്റ്, ലെബനൻ, ലിബിയ, പാകിസ്താൻ, സൗദി അറേബ്യ, സിറിയ, യെമൻ എന്നിവിടങ്ങളിലും ഇസ്രയേല്‍ പാസ്പോർട്ടുള്ളവർക്ക് പ്രവേശന അനുമതിയില്ല.
ഏകദേശം 11,000 ഇസ്രായേലികളാണ് കഴിഞ്ഞ വർഷം മാലദ്വീപ് സന്ദർശിച്ചത്. ഇത് മാലദ്വീപിലെത്തിയ ആകെ വിനോദ സഞ്ചാരികളുടെ 0.6 ശതമാനമായിരുന്നു
സഞ്ചാരികളുടെ 0.6 ശതമാനമായിരുന്നു. ഈ വർഷത്തെ ആദ്യ നാല് മാസങ്ങളില്‍ മാലിദ്വീപ് സന്ദർശിച്ച ഇസ്രയേലികളുടെ എണ്ണം 528 ആയി കുറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് 88 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
ഗാസ യുദ്ധത്തിനെതിരായ പ്രതിഷേധമെന്ന നിലയില്‍ ഇസ്രായേലികളെ രാജ്യത്ത് വിലക്കാൻ മാലദ്വീപിലെ പ്രതിപക്ഷ പാർട്ടികളും സർക്കാരിലെ സഖ്യകക്ഷികളും മുയിസുവില്‍ സമ്മർദ്ദം ചെലുത്തിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് തുടങ്ങിയ ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ 36,439 പലസ്തീനികള്‍ കൊല്ലപ്പെടുകയും 82,627 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
1990കളുടെ തുടക്കത്തിലും ഇസ്രയേലുകാർക്ക് മാലദ്വീപ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2010 ല്‍ ബന്ധം പുനഃസ്ഥാപിക്കാൻ നീക്കം നടന്നു. പക്ഷേ 2012 ഫെബ്രുവരിയില്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അട്ടിമറിയിലൂടെ പുറത്തായതിന് പിന്നാലെ ഈ നീക്കം നിലച്ചു.

