കിട്ടാക്കടം കൂടിയപ്പോൾ കേന്ദ്രത്തിനും പൊള്ളി; മല്യയ്ക്കും മോദിക്കും പിന്നാലെ ‘ബാഡ് ബാങ്ക്’.
ഇന്ത്യയിലെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം ഏതാണ്ട് 9 ലക്ഷം കോടി രൂപ കവിഞ്ഞുകഴിഞ്ഞു.

ഇന്ത്യയിലെ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം ഏതാണ്ട് 9 ലക്ഷം കോടി രൂപ കവിഞ്ഞുകഴിഞ്ഞു. ഇതിനോടനുബന്ധിച്ചുള്ള മറ്റു പല ഘടകങ്ങളും കൂടി കണക്കാക്കിയാൽ ഇത് 20 ലക്ഷം കോടി കവിയുമെന്നാണ് ബാങ്കിങ് വിദഗ്ധർ പറയുന്നത്. ഇപ്പോൾ വർഷം തോറും 2 ലക്ഷം കോടിയുടെ വായ്പകൾ കിട്ടാക്കടമായി മാറുന്നു. വലിയ വ്യാവസായിക വായ്പകളാണ് ബാങ്കുകളെ കിട്ടാക്കടത്തിന്റെ കെണിയിൽ പെടുത്തുന്നത്.
കോടികൾ വായ്‌പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യത്തുനിന്നു മുങ്ങുന്നവർ, വായ്പകൾ മനഃപൂർവം തിരിച്ചടയ്‌ക്കാത്ത കോടീശ്വരന്മാർ, ബിസിനസ് കണക്കുകൂട്ടലുകൾ പിഴച്ച് കടക്കെണിയിലായി വായ്‌പകൾ തിരിച്ചടയ്ക്കാൻ കഴിയാത്തവർ… ഇത്തരക്കാരുടെ എണ്ണം പെരുകുകയാണ്. അതോടൊപ്പം, ഇവരിൽനിന്ന് പണം തിരിച്ചു പിടിക്കാൻ ബാങ്കുകളും സർക്കാരും രാജ്യത്തും പുറത്തും നടത്തുന്ന അതിസങ്കീർണമായ നിയമയുദ്ധങ്ങളും നീണ്ടുപോകുന്നു. ഇതിനെല്ലാം ചെലവാകുന്ന പണവും സമയവും വേറെ!
കിട്ടാക്കടങ്ങൾ ബാങ്കുകൾക്ക് വലിയ തലവേദന ആയപ്പോഴാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്ന ബാങ്കുകളുടെ മാനേജ്‌മെന്റ് കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) ഇതു തിരിച്ചുപിടിക്കാന്‍ ഒരു പ്രത്യേക സംവിധാനം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കായി ഈ സംവിധാനം ഇപ്പോൾ രാജ്യത്തു നിലവിലുണ്ട്. ബാങ്കുകൾ ഈ ആവശ്യം നിരന്തരമായി ഉന്നയിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.

ഒടുവിൽ വിജയ് മല്യമാരും നീരവ് മോദിമാരും ഇന്ത്യൻ ബാങ്കുകളെയും ഇന്ത്യൻ സർക്കാരിനെത്തന്നെയും ലോകത്തിനു മുമ്പിൽ പരിഹാസ കഥാപാത്രങ്ങളാക്കി രാജ്യം വിട്ടതോടെ കേന്ദ്ര സർക്കാർ ഉണർന്നു. ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കാൻ പ്രത്യേക സംവിധാനത്തിനു രൂപം നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ 2021-22ലെ ബജറ്റിൽ പ്രഖ്യാപിച്ചു. ധനകാര്യ സ്ഥാപനങ്ങളുടെ കടങ്ങൾ തിരിച്ചുപിടിക്കുന്ന ആ പ്രത്യേക ‘സംവിധാനം’ ഇന്നു ലോകമാകെ അറിയപ്പെടുന്നത് ‘ബാഡ് ബാങ്ക്’ എന്നാണ്.
ബജറ്റിനു പിന്നാലെ അതിവേഗം ‘ബാഡ് ബാങ്ക്’
ഒരു വായ്പ, അതു നൽകിയ ബാങ്കിനെ സംബന്ധിച്ചിടത്തോളം അതിന്റെ ആസ്തി (അസറ്റ്) ആണ്. തിരിച്ചടവ് നിശ്ചിത കാലയളവിനപ്പുറം മുടങ്ങിയാൽ അത് സമ്മർദ ആസ്തി (സ്ട്രെസ്സ്ഡ് അസറ്റ്) ആയി മാറും. ബാങ്ക് അതിന്റെ സമ്മർദ ആസ്തി ബാഡ് ബാങ്കിനു വിൽക്കും. പിന്നെ ബാഡ് ബാങ്ക് ആയിരിക്കും സമ്മർദ ആസ്തികൾ സംബന്ധിച്ച നടപടികളുമായി മുന്നോട്ടു പോവുക. ബാഡ് ബാങ്ക് എന്നു സൗകര്യത്തിന് വിളിക്കുമെങ്കിലും ഈ സ്ഥാപനങ്ങളെ ബാങ്കിങ് മേഖലയിൽ വിളിക്കുന്നത് അസെറ്റ്സ് റീകൺസ്ട്രക്‌ഷൻ കമ്പനീസ് എന്നാണ്. കിട്ടാക്കടങ്ങൾ, കിട്ടാക്കടമായി മാറാൻ സാധ്യതയുള്ള വായ്പകൾ, കാലാവധി പൂർത്തിയായിട്ടും പണം കിട്ടാത്ത കടപ്പത്രങ്ങൾ, ഡിബഞ്ചറുകൾ തുടങ്ങി എല്ലാ സമ്മർദ ആസ്തികളും, ബാങ്കുകൾക്കും അതുപോലുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും ബാഡ് ബാങ്കുകൾക്ക് വിൽക്കാം.

