കൈവിട്ട തമാശ, പൊലിഞ്ഞത് 3 ജീവന്; രേഷ്മയുടെ ഫെയ്സ്ബുക്ക് ‘കാമുകന്’ ബന്ധുക്കളായ യുവതികള്

കൊല്ലം: ഒടുവിൽ ദുരൂഹതകൾക്ക് വിരാമമിട്ട് കല്ലുവാതക്കലിലെ രേഷ്മയുടെ ‘കാമുകനെ’ പോലീസ് കണ്ടെത്തി. ഫെയ്സ്ബുക്ക് കാമുകനായ അനന്ദു എന്ന വ്യാജ ഐ.ഡിയിൽനിന്ന് രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയുമായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഗ്രീഷ്മയുടെ സുഹൃത്തായ യുവാവിനെ ചോദ്യം ചെയ്തതോടെയാണ് ‘കാമുകന്റെ’ കാര്യത്തിൽ സ്ഥിരീകരണമായത്. രേഷ്മയെ ഇത്തരത്തിൽ ചാറ്റ് ചെയ്ത് കബളിപ്പിക്കുന്നതായി ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഫെയ്സ്ബുക്ക് കാമുകനെ തേടിയുള്ള പോലീസ് അന്വേഷണത്തിൽ നിർണായകമായത്. കേസിൽ ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കല്ലുവാതുക്കലിൽ നവജാതശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസിൽ ജൂൺ 22-നാണ് രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഡി.എൻ.എ. പരിശോധനയിലൂടെയാണ് കുഞ്ഞിന്റെ അമ്മ രേഷ്മയാണെന്ന് കണ്ടെത്തിയത്. പോലീസ് ചോദ്യംചെയ്യലിൽ രേഷ്മ കുറ്റം സമ്മതിച്ചു. ഫെയ്സ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മയുടെ മൊഴി. തുടർന്ന് യുവതി ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത ഫെയ്സ്ബുക്ക് കാമുകന് വേണ്ടി അന്വേഷണം ആരംഭിച്ചു. രേഷ്മ ഉപയോഗിച്ചിരുന്നത് ഭർത്താവിന്റെ സഹോദരഭാര്യയായ ആര്യയുടെ പേരിലുള്ള സിം കാർഡായിരുന്നു. ഇതേത്തുടർന്ന് ആര്യയെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. എന്നാൽ, ഇതിനു പിന്നാലെ ആര്യയും മറ്റൊരു ബന്ധുവായ ഗ്രീഷ്മയും ആറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു. ഇതോടെയാണ് സംഭവത്തിൽ ദുരൂഹത വർധിച്ചത്. ആര്യയും ഗ്രീഷ്മയും ജീവനൊടുക്കിയതോടെ കേസിൽ പല തരത്തിലുള്ള വെല്ലുവിളികളുമുണ്ടായി. ആര്യയെ മാത്രമാണ് പോലീസ് നേരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നത്. പക്ഷേ, ഇവർ ഗ്രീഷ്മയെയും കൂട്ടി ജീവനൊടുക്കുകയായിരുന്നു. ഇത് എന്തിന് വേണ്ടിയായിരുന്നുവെന്ന ചോദ്യവും ഉയർന്നു. തുടർന്ന് രേഷ്മയുടെയും ആര്യയുടെയും ഭർത്താക്കന്മാരിൽനിന്ന് പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. ഇതിനു ശേഷമാണ് ഗ്രീഷ്മയുടെ സുഹൃത്തിലേക്കും അന്വേഷണം നീണ്ടത്. ഇയാളെ ചോദ്യം ചെയ്തതോടെ കേസിൽ ഏറെ നിർണായകമായ വിവരങ്ങൾ ലഭിക്കുകയായിരുന്നു. വെറും തമാശയ്ക്ക് വേണ്ടിയാണ് അനന്ദു എന്ന പേരിൽ വ്യാജ ഫെയ്സ്ബുക്ക് ഐ.ഡി. നിർമിച്ച് ആര്യയും ഗ്രീഷ്മയും രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രേഷ്മ ഗർഭിണിയാണെന്ന വിവരം ഇവർ അറിഞ്ഞിരുന്നില്ലെന്നും പോലീസ് അനുമാനിക്കുന്നു. കുഞ്ഞിനെ ഉപേക്ഷിച്ചത് രേഷ്മയാണെന്നും ഇവർ കരുതിയിരുന്നില്ല. എന്നാൽ, കേസിൽ രേഷ്മയെ അറസ്റ്റ് ചെയ്തതോടെ തങ്ങളും പിടിയിലാകുമെന്ന ഭയമാണ് ഇരുവരെയും ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും പോലീസ് കരുതുന്നു. എന്തായാലും വെറും തമാശയ്ക്ക് വേണ്ടി ചെയ്ത സംഭവത്തിൽ നവജാതശിശുവിന്റേത് ഉൾപ്പെടെ കുടുംബത്തിലെ മൂന്ന് പേരുടെ ജീവനുകളാണ് കല്ലുവാതുക്കലിൽ പൊലിഞ്ഞതെന്നത് ഞെട്ടലുണ്ടാക്കുന്നതാണ്.

