KSDLIVENEWS

Real news for everyone

തകര്‍ന്നുവീണ കെട്ടിടത്തിലെ ശുചിമുറി ഉപയോഗിച്ചു: പരിഭ്രാന്തരായി ഓടിയെന്ന് ദൃക്‌സാക്ഷികള്‍; മന്ത്രിമാരുടെ വാദം പൊളിച്ച്‌ രോഗികള്‍

SHARE THIS ON

കോട്ടയം: തകർന്നുവീണ കെട്ടിടം ഉപയോഗിക്കുന്നില്ലെന്ന മന്ത്രിമാരുടെ വാദം തെറ്റാണെന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗികള്‍.

ഈ കെട്ടിടത്തിലെ ശുചിമുറി ആശുപത്രിയില്‍ എത്തുന്നവർ ഉപയോഗിച്ചിരുന്നുവെന്നാണ് രോഗികള്‍ പറയുന്നത്. കെട്ടിടം ഉപയോഗ ശൂന്യമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജും മന്ത്രി വാസവനും നേരത്തെ പറഞ്ഞിരുന്നു.

അപകട സമയത്ത് കെട്ടിടത്തില്‍ നിന്ന് രോഗികള്‍ പരിഭ്രാന്തരായി ഓടിയെന്ന് ദൃക്സാക്ഷികള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘പൊളിഞ്ഞുവീണ കെട്ടിടത്തിലെ ബാത്ത്റൂമായിരുന്നു ഞങ്ങള്‍ ഉപയോഗിച്ചിരുന്നത്. മൂന്ന്, നാല് ദിവസമായി ഇവിടെ വന്നിട്ട്. രണ്ട് ബാത്ത്റൂമേ ഉപയോഗിക്കുന്നുണ്ടായിരുന്നുള്ളൂ. ബാക്കി അടച്ചിട്ടേക്കുകയായിരുന്നു.’- രോഗിയുടെ കൂട്ടിരിപ്പുകാരി പറഞ്ഞു.

വിഷയത്തില്‍ ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് ചാണ്ടി ഉമ്മൻ എം എല്‍ എ പറഞ്ഞു. നടന്നത് ഇൻസ്റ്റിറ്റ്യൂഷണല്‍ മർഡർ ആണെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം പറഞ്ഞു. മരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനും അതിന്റെ സിസ്റ്റത്തിനുമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഏറെ കാലപ്പഴക്കമുള്ള മൂന്ന് നിലകെട്ടിടമാണ് ഇടിഞ്ഞുവീണത്. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് ഈ കെട്ടിടത്തില്‍ നേരത്തെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയും ഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്.

തുടക്കത്തില്‍ ആരും കെട്ടിടത്തിനടിയില്‍ കുടുങ്ങിയിട്ടില്ലെന്നായിരുന്നു കരുതിയത്. എന്നാല്‍ തലയോലപ്പറമ്ബ് സ്വദേശിനി ബിന്ദുവിനെ കാണാനില്ലെന്ന് ഭർത്താവ് പറഞ്ഞതോടെ തെരച്ചില്‍ നടത്തുകയായിരുന്നു. രണ്ടര മണിക്കൂറോളം കുടുങ്ങിക്കിടക്കുന്നതിന് ശേഷമാണ് ബിന്ദുവിനെ പുറത്തെടുത്തത്. ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ രക്ഷാപ്രവർത്തനം വൈകിയെന്ന ആക്ഷേപവും ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!