KSDLIVENEWS

Real news for everyone

മന്ത്രി പോയിട്ട് എംഎല്‍എ ആയിരിക്കാൻ പോലും അര്‍ഹതയില്ല, പറയിപ്പിക്കരുത്: വീണ ജോര്‍ജിനെതിരെ ലോക്കല്‍ കമ്മറ്റി അംഗം

SHARE THIS ON

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുതെന്നുമാണ് കുറിപ്പ്. പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം ജോണ്‍സണ്‍ പി.ജെ ആണ് ആരോഗ്യ മന്ത്രിക്കെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്. എസ്‌എഫ്‌ഐ മുൻ ജില്ലാ പ്രസിഡന്‍റ് ആണ് ജോണ്‍സണ്‍ പി.ജെ. കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുവീണ് അപകടമുണ്ടായതിന് മന്ത്രി നടത്തിയ പ്രതികരണങ്ങളാണ് സിപിഎം പ്രവർത്തകരയെടക്കം പ്രകോപിപ്പിച്ചത്.

ഇതിനിടെ വീണാ ജോർജിനെ പരോക്ഷമായി പരിഹസിച്ച്‌ സിപിഎം ഏരിയ കമ്മറ്റി അംഗവും രഗത്തെത്തി. പത്തനംതിട്ട സി.ഡബ്ല്യു.സി മുൻ ചെയർമാൻ അഡ്വ: എൻ രാജീവാണ് ആരോഗ്യമന്ത്രിയെ പരിഹസിച്ച്‌ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ‘കുട്ടിയായിരിക്കെ താൻ ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവ് പറഞ്ഞു വീട്ടില്‍ ഇരിക്കുമായിരുന്നു, അങ്ങനെ താൻ പരീക്ഷകളില്‍ നിന്നും രക്ഷപ്പെട്ടു, ഇവിടെ ചോദ്യങ്ങളില്‍ നിന്നും’ എന്നാണ് രാജീവന്‍റെ പരിഹാസം. മന്ത്രി വീണാ ജോർജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയാണ് സിപിഎം ഇരവിപേരൂർ ഏരിയ കമ്മറ്റി അംഗം കൂടിയായ രാജീവ പരിഹസിക്കുന്നത്.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്ത് പോകുന്നതിനിടെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ട മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം മന്ത്രി തിരുവനന്തപുരത്തേക്ക് തിരിച്ചു.

അതിനിടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകർന്നു വീണ് രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീ മരിച്ച സംഭവത്തില്‍ കെട്ടിടം ഉപയോഗിക്കുന്നില്ലെന്ന മന്ത്രിമാരുടെ വാദം തെറ്റാണെന്ന വിവരമാണ് പുറത്തുവരുന്നത്. മന്ത്രിമാരായ വീണ ജോർജിന്റെയും വാസവന്റെയും വാദം പൊളിച്ചുകൊണ്ടാണ് രോഗികളുടെ പ്രതികരണം. ഉപയോഗ ശൂന്യമെന്ന് ആരോഗ്യമന്ത്രി പറഞ്ഞ കെട്ടിടം ഉപയോഗിച്ചിരുന്നു എന്ന് രോഗികള്‍ സാക്ഷ്യപ്പെടുത്തുന്നു. അപകടത്തെ ലഘൂകരിച്ചുകൊണ്ടായിരുന്നു മന്ത്രിമാരുടെ പ്രതികരണം. രക്ഷാപ്രവർത്തനം വൈകിപ്പിച്ചത് ആളൊഴിഞ്ഞ കെട്ടിടമെന്ന മന്ത്രിമാരുടെ വാദമാണെന്ന ആക്ഷേപവുമുയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!