കോവിഡും വിഷപ്പാമ്പിന്റെ കടിയും അതിജീവിച്ച് ഒന്നര വയസുകാരി ജീവിതത്തിലേക്ക്
കണ്ണൂര്‍: കോവിഡും വിഷപ്പാമ്ബിന്റെ കടിയും അതിജീവിച്ച് 11 ദിവസത്തെ ചികിത്സയ്ക്കുശേഷം ഒന്നരവയസ്സുകാരി തിരികെ വീട്ടിലെത്തി. പാമ്ബുകടിയേറ്റ കൈവിരല്‍ സാധാരണനിലയിലാവുകയും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആവുകയും ചെയ്തതോടെ ഇന്നലെയാണ് കുഞ്ഞ് ആശുപത്രി വിട്ടത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ.
ജൂലായ് 21-ന് അര്‍ധരാത്രിയിലാണ് പാമ്ബുകടിയേറ്റ് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ബിഹാറില്‍ അധ്യാപകരായ ദമ്ബതിമാരും മക്കളും പാണത്തൂരിലുള്ള വീട്ടില്‍ ക്വാറന്റീനിലായിരുന്നു. സിപിഎം നേതാവും പൊതുപ്രവര്‍ത്തകനുമായ ജിനില്‍ മാത്യു ആണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
ചികിത്സയ്ക്കിടെ നടത്തിയ സ്രവപരിശോധനയില്‍ കോവിഡും സ്ഥിരീകരിച്ചു.
ശിശുരോഗവിഭാഗം മേധാവി ഡോ എംടിപി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞിനെ ചികിത്സിച്ചത്. നേരത്തെ ഒരുവയസ്സും 10 മാസവും പ്രായമുള്ള കുട്ടിയും രണ്ടുവയസ്സുള്ള കുട്ടിയും കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജില്‍ നിന്ന് കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.