KSDLIVENEWS

Real news for everyone

രാജസ്ഥാനില്‍ 12-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു; മൃതദേഹം കണ്ടെത്തിയത് ഇഷ്ടികചൂളയില്‍

SHARE THIS ON

ജയ്പുര്‍: രാജസ്ഥാനില്‍ കാണാതായ 12 വയസ്സുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. ഭില്‍വാരയിലെ ഇഷ്ടികചൂളയിലാണ് 12 വയസ്സുകാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തശേഷം ജീവനോടെ കത്തിച്ചതാണെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. ബുധനാഴ്ച വൈകിട്ട് ആടുകളെ മേയ്ക്കാന്‍ വയലിലേക്ക് പോയ 12 വയസ്സുകാരിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെയാണ് പ്രദേശത്തെ ഇഷ്ടികക്കളത്തിലും തിരച്ചില്‍ നടത്തിയത്. തിരച്ചിലിനിടെ ഇഷ്ടികചൂളയ്ക്കരികില്‍ ഒരു വള കണ്ടതോടെ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗംചെയ്ത ശേഷം ജീവനോടെ ചൂളയിലെറിഞ്ഞതായാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. കൂടുതല്‍പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ ചൂളയ്ക്കുള്ളില്‍ ഉണ്ടായിരിക്കാമെന്നും നാട്ടുകാര്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ നാട്ടുകാരില്‍നിന്ന് വലിയ പ്രതിഷേധമാണുയരുന്നത്. പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങി. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബി.ജെ.പി. നേതാക്കളും പ്രതികരിച്ചു. കോണ്‍ഗ്രസ് ഭരണത്തില്‍ രാജസ്ഥാനിലെ സ്ത്രീസുരക്ഷ ഒരു തമാശയായി മാറിയെന്നായിരുന്നു ബി.ജെ.പി. നേതാവ് വിക്രം ഗൗഡിന്റെ പ്രതികരണം. കഴിഞ്ഞദിവസങ്ങളിലും രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആല്‍വാറില്‍ സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവവും ബന്‍സുരില്‍ സ്‌കൂളില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതും വാര്‍ത്തകളായിരുന്നു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!