ചെർക്കള-ജാൽസൂർ സംസ്ഥാനാന്തര പാത തകർന്നു; വാഹനങ്ങൾ വഴിതിരിച്ചുവിട്ടു

സുള്ള്യ: കനത്ത മഴയെ തുടർന്ന് സുള്ള്യ – കാസർകോട് ബന്ധിപ്പിക്കുന്ന ചെർക്കള – ജാൽസൂർ സംസ്ഥാനാന്തര പാത തകർന്നു. പാതയിൽ കേരള – കർണാടക അതിർത്തി പ്രദേശമായ മുടൂർ എന്ന സ്ഥലത്താണ് പാത തകർന്ന് വലിയ ഗർത്തം രൂപപ്പെട്ടത്. ഇതേ തുടർന്ന് ബസ് ഉൾപ്പെടെ വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. വലിയ കുഴികൾ ഉണ്ടായി ചെളിയും വെള്ളവും നിറഞ്ഞ നിലയിലാണ്.
റോഡരികിൽനിന്ന് വെള്ളം റോഡിലൂടെ തന്നെ ഒഴുകുന്നു. റോഡ് ഇവിടെ പൂർണമായി തകർന്ന് യാത്ര അസാധ്യമായ നിലയിലാണ്. കഴിഞ്ഞ ദിവസം ഈ സ്ഥലത്ത് ലോറിയും മറ്റു വാഹനങ്ങളും ചെളിയിൽ താണു പോയി ഗതാഗതം തടസ്സപ്പെട്ടിരുന്നു.
ഇതേ തുടർന്ന് ഇന്നലെ സുള്ള്യ -കാസർകോട് റൂട്ടിൽ ഓടുന്ന ബസ് ഉൾപ്പെടെ വാഹനങ്ങളെ കൊട്യാടി – ഈശ്വരമംഗല-കാവു – സുള്ള്യ പാതയിലും, ജാൽസൂർ – മുടൂർ – മണ്ടെകോൽ- അഡൂർ– കൊട്ട്യാടി പാതയിലും, മറ്റും വഴി തിരിച്ചു വിട്ടു. ബസ് ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന സംസ്ഥാനാന്തര പാതയിൽ അറ്റകുറ്റപ്പണി നടത്തി പാത ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.

