വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യത ;
കേരളത്തിന് കേന്ദ്ര ജലകമ്മീഷന്റെ ജാഗ്രതാ നിർദ്ദേശം.
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് കേന്ദ്ര ജലകമ്മീഷന്റെ ജാഗ്രതാ നിര്‍ദ്ദേശം. ഇന്നും നാളെയും ശക്തമായ മഴ ഉണ്ടാകാമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. മിക്ക ഡാമുകളിലും 90 ശതമാനത്തിലധികം വെള്ളമുണ്ട്. അതിനാല്‍ സൂക്ഷ്മ നിരീക്ഷണം തുടരണമെന്നും മുന്നറിയിപ്പുണ്ട്.
കര്‍ണാടകത്തിനും, തമിഴ്‌നാടിനും സമാനമായ നിര്‍ദ്ദേശമുണ്ട്. കാവേരിയുടെ തടങ്ങളില്‍ പലയിടങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷന്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇടുക്കി ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഇന്ന് 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന് നിര്‍ദേശമുണ്ട്.
സെപ്റ്റംബര്‍ ആറു വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത നാല് ദിവസവും സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.