ഓണാഘോഷത്തിന് മുണ്ടുടുത്തു; നിലമ്ബൂരില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്

മലപ്പുറം: നിലമ്ബൂരില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓണാഘോഷത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഒരാഴ്ച മുന്‍പാണ് പ്ലസ് വണ്‍ ക്ലാസ് തുടങ്ങിയത്. ഓണാഘോഷത്തിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മുണ്ടുടുത്ത് വരാന്‍ പാടില്ലെന്ന് സീനിയര്‍ വിദ്യാര്‍ഥികള്‍ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ചില വിദ്യാര്‍ഥികള്‍ ഇതു പാലിക്കാതിരുന്നതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഘര്‍ഷമുണ്ടായേക്കുമെന്ന സൂചനയെത്തുടര്‍ന്ന് ഓണാഘോഷം കഴിഞ്ഞ്, വൈകിട്ട് 3.30ന് പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ ക്ലാസ് വിട്ടു. അധ്യാപകര്‍, പിടിഎ പ്രതിനിധികള്‍ എന്നിവര്‍ ജനതപ്പടി ബസ് സ്റ്റാന്‍ഡ് വരെ ഇവരെ അനുഗമിച്ചു. പ്രശ്നമില്ലെന്ന് കണ്ടതിനെ തുടര്‍ന്ന് ഇവര്‍ മടങ്ങി.
ഇതിനുപിന്നാലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ എത്തി അടി തുടങ്ങുകയായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥികളെ വഴിയിലൂടെ ഓടിച്ചിട്ട് തല്ലി. പൊലീസെത്തി ലാത്തിവീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി.

