KSDLIVENEWS

Real news for everyone

ദുര്‍ഗാപൂജ പന്തലില്‍ തീപ്പിടിത്തം; 12കാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം; 52 പേര്‍ ആശുപത്രിയില്‍

SHARE THIS ON

ഉത്തര്‍പ്രദേശില്‍ ദുര്‍ഗാപൂജ പന്തലില്‍ തീപ്പിടിത്തം. 12 വയസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. 52 പേര്‍ക്ക് പരിക്കേറ്റു. ഭദോഹി ജില്ലയില്‍ ഔറായി പൊലീസ് സ്റ്റേഷന് സമീപമുള്ള ഏക്താ ക്ലബ്ബ് പൂജ പന്തലില്‍ ഞായറാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. അന്‍കുശ് സോണി എന്ന കുട്ടി സംഭവസ്ഥലത്തു വച്ചും മറ്റു രണ്ട് പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

52 പേരില്‍ സാരമായി പൊള്ളലേറ്റ 22 പേരെ വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഭദോഹി ജില്ലാ മജിസ്‌ട്രേറ്റ് ഗൗരംഗ് രതി പറഞ്ഞു. പ്രധാന ചടങ്ങായ ആരതി നടക്കുന്നതിനിടെയായിരുന്നു തീപ്പിടിത്തമുണ്ടായത്.

150 ആളുകളാണ് പന്തലിനകത്തുണ്ടായിരുന്നത്. പൊള്ളലേറ്റ ബാക്കി 30 പേരെ സൂര്യ ട്രോമ സെന്റര്‍, ഗോപിഗഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രം, ആനന്ദ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണോ കാരണം എന്നതിന് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

‘ഇപ്പോള്‍, പരിക്കേറ്റവരെ ചികിത്സിക്കുക എന്നതിനാണ് മുന്‍ഗണന. ഞാന്‍ വാരാണസിയിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെടുന്നുണ്ട്’- ജില്ലാ മജിസ്ട്രേറ്റ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!