തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ: കോൺഗ്രസിന് ഗൗരവമില്ല; ഹൈക്കമാൻഡിനെ കാണാൻ ലീഗ്

മലപ്പുറം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോഴും കോൺഗ്രസിന് ഗൗരവമില്ലെന്ന് മുസ്ലിംലീഗിൽ വിമർശനം. നേതാക്കൾക്കിടയിലെ വിഭാഗീയതയും സംഘടനാ സംവിധാനത്തിലെ ഏകോപനമില്ലായ്മയും മുന്നണി സംവിധാനത്തെ ബാധിക്കുന്നു. കോൺഗ്രസ് ഹൈക്കമാൻഡിനെ കണ്ട് സാഹചര്യം വിശദീകരിക്കണമെന്നാണ് ലീഗ് നേതാക്കൾക്കിടയിലെ പൊതുവികാരം.
കഴിഞ്ഞദിവസം മലപ്പുറത്തുചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരേ വിമർശനമുയർന്നത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്. അതിനിടയിലാണ് ചില നേതാക്കൾ കോൺഗ്രസ് വേണ്ടത്ര ‘സീരിയസ്’ അല്ലെന്ന് അഭിപ്രായപ്പെട്ടത്. ഭരണവിരുദ്ധ വികാരം ശക്തമാണെങ്കിലും അത് പ്രതിഫലിപ്പിക്കാൻ കഴിയുന്നില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലൂടെ യുഡിഎഫിന് കൈവന്ന അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താനും കഴിഞ്ഞില്ല. തിരുത്തൽ നടപടികൾ ഉടൻ ഉണ്ടാകണമെന്നും അക്കാര്യം ഹൈക്കമാൻഡിനെ ബോധിപ്പിക്കണമെന്നും ചിലർ ചൂണ്ടിക്കാട്ടി.
ദക്ഷിണകേരളത്തിൽ ലീഗിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും വിമർശനമുയർന്നു. അവിടെ യുഡിഎഫ് സംവിധാനത്തിൽ വിള്ളലുണ്ട്. തദ്ദേശതലത്തിൽ ലീഗിന്റെ സിറ്റിങ് സീറ്റുകളിൽ വരെ കോൺഗ്രസ് പ്രവർത്തകർ വിമതരായി മത്സരിക്കുന്നു. അത് തടയാൻ കോൺഗ്രസ് ഇടപെടുന്നില്ല. ഒരുമാസം കഴിഞ്ഞിട്ടും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപമുയർന്നു.
തദ്ദേശത്തിൽ പാർലമെന്ററി ബോർഡുകൾ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലകളിൽ ജില്ലാ പാർലമെന്ററി ബോർഡുകൾക്ക് രൂപം നൽകി. ഇതേ മാതൃകയിൽ നിയോജക മണ്ഡലങ്ങളിലും പഞ്ചായത്ത്, നഗരസഭകളിലും പാർലമെന്ററി ബോർഡുകൾ രൂപവത്കരിക്കും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജിതമാക്കാനും യോഗം തീരുമാനിച്ചു. പ്രാദേശിക തലങ്ങളിൽ യുഡിഎഫ് ബന്ധം ശക്തിപ്പെടുത്തും. ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ പൊതു ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിധത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കണമെന്ന് കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി.
സംസ്ഥാനപ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം, നേതാക്കളായ അബ്ബാസലി ശിഹാബ് തങ്ങൾ, ഇ.ടി. മുഹമ്മദ് ബഷീർ എംപി, എം.പി. അബ്ദുസ്സമദ് സമദാനി എംപി, പി.വി. അബ്ദുൽ വഹാബ് എംപി, എം.സി. മായിൻഹാജി, അബ്ദുറഹ്മാൻ കല്ലായി, സി.എ.എം.എ. കരീം, ടി.എം. സലീം, സി.എച്ച്. റഷീദ്, ഉമ്മർ പാണ്ടികശാല, സി.പി. സൈതലവി, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, കെ.എം. ഷാജി, സി. മമ്മൂട്ടി, അബ്ദുറഹ്മാൻ രണ്ടത്താണി, പി.എം. സാദിഖലി, സി.പി. ചെറിയമുഹമ്മദ്, അഡ്വ. മുഹമ്മദ്ഷാ, യു.സി. രാമൻ, ഷാഫി ചാലിയം, പി. അബ്ദുൽഹമീദ് എംഎൽഎ, എൻ. ഷംസുദ്ദീൻ എംഎൽഎ എന്നിവർ പങ്കെടുത്തു.

