KSDLIVENEWS

Real news for everyone

‘ഐ ലവ് മോദി’ എന്ന് പറയാനാവുന്ന രാജ്യത്ത് എന്തുകൊണ്ട് ‘ഐ ലവ് മുഹമ്മദ്’ എന്ന് പറഞ്ഞുകൂടാ: യു.പി പൊലീസിനെതിരെ അസദുദ്ദീൻ ഉവൈസി

SHARE THIS ON

കാണ്‍പൂർ: യുപിയിലെ ബറേലിയില്‍ ‘ഐ ലവ് മുഹമ്മദ്’ ക്യാമ്ബയിനുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി.

‘ഐ ലവ് മോദി എന്ന് പറയാൻ കഴിയുന്ന ഈ രാജ്യത്ത് എന്തുകൊണ്ട് ‘ഐ ലവ് മുഹമ്മദ്’ എന്ന് പറഞ്ഞുകൂടായെന്ന് ഉവെെസി ചോദിച്ചു. ഹൈദരാബാദിലെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഐ ലവ് മുഹമ്മദ് എന്ന് പറയുന്ന ഒരാളെ എന്തിനാണ് എല്ലാവരും വെറുക്കുന്നത്. ഈ രാജ്യത്ത് എല്ലാവർക്കും ഐ ലവ് മോദി എന്ന് പറയാമെന്നത് പോലെ എന്തുകൊണ്ട് ഐ ലവ് മുഹമ്മദ് എന്ന് പറഞ്ഞുകൂടാ. ആരെങ്കിലും ഐ ലവ് മോദിയെന്ന് പറഞ്ഞാല്‍ സന്തോഷിക്കുന്നതും ഐ ലവ് മുഹമ്മദ് എന്ന് പറയുമ്ബോള്‍ വെറിപിടിക്കുന്നതും എന്തിനെന്ന് മനസിലാകുന്നില്ല. പ്രവാചകൻ മുഹമ്മദ് കാരണമല്ലേ ഒരാള്‍ക്ക് മുസ്‌ലിമാകാൻ കഴിയുക?’- ഉവൈസി ചോദിച്ചു.

സാധാരണക്കാരായ കച്ചവടക്കാർക്ക് നേരെ ലാത്തിപ്രയോഗം നടത്തിയ പൊലീസുകാരെയും ഉവൈസി വിമർശിച്ചു. അധികാരത്തിലുള്ളവരോട് മാത്രമേ ഉത്തർപ്രദേശിലെ പൊലീസുകാർക്ക് മമതയുള്ളൂവെന്നും അല്ലാത്തവരെ ചവിട്ടിയരയ്ക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആഴ്ചയാണ് ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററുകള്‍ നശിപ്പിച്ചതിനെ തുടർന്ന് ബറേലിയില്‍ പ്രതിഷേധവും സംഘർഷവുമുണ്ടായത്. പോസ്റ്ററുകള്‍ നശിപ്പിച്ചവരെ പിടികൂടുന്നതിന് പകരം അതിനെതിരെ പ്രതിഷേധിച്ചവർക്കെതിരെയായിരുന്നു പൊലീസ് നടപടി. പണ്ഡിതനായ തൗഖീർ റാസ ഖാൻ അടക്കം 81 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇവരുടെ വീടുകളും കെട്ടിടങ്ങളും തകർക്കുകയും ചെയ്തിരുന്നു.

പോസ്റ്റർ പ്രദർശിപ്പിച്ചതിനെ ചൊല്ലിയുണ്ടായ പ്രതിഷേധത്തിനും പൊലീസ് നടപടികള്‍ക്കും ശേഷവും ബറേലിയില്‍ സംഘർഷാവസ്ഥ തുടരുകയാണ്. സംഘർഷത്തെ തുടർന്ന് യുപിയിലെ നാല് ജില്ലകളിലെ ഇൻ്റർനെറ്റ് ബന്ധം സർക്കാർ താത്കാലികമായി വിച്ഛേദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!