ജോസ് കെ മാണി പാലായിൽ മത്സരിക്കില്ല , റോഷി അഗസ്റ്റിൻ ഇടുക്കി വിട്ട് പാലായിൽ എത്തും ‘ ; പ്രവചനവുമായി പി ജെ ജോസഫ്

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ കേരളം ഉറ്റുനോക്കുന്ന സീറ്റുകളില്‍ പ്രവചനവുമായി മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. കോട്ടയത്ത് നടന്ന ജില്ലാ യു ഡി എഫ് യോഗത്തിലാണ് പി ജെ ജോസഫ് രാഷ്ട്രീയ പ്രവചനം നടത്തിയത്. എന്‍ സി പി എം എല്‍ എ മാണി സി കാപ്പന്‍ യു ഡി എഫിലെത്തുമെന്ന് പറഞ്ഞ അദ്ദേഹം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം നേതാവ് റോഷി അഗസ്റ്റിന്‍ പാലാ സീറ്റില്‍ മത്സരിക്കാനെത്തിയാല്‍ മാണി സി കാപ്പന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുമെന്നും വെളിപ്പെടുത്തി.
‘റോഷി അഗസ്റ്റിന്‍ ഇടുക്കി വിട്ട് പാലായില്‍ എത്തും. ഇടുക്കിയില്‍ ഇനി മത്സരിച്ചാല്‍ 22000 വോട്ടുകള്‍ക്ക് എങ്കിലും റോഷി പരാജയപ്പെടും. ഇത് മനസിലാക്കിയാണ് റോഷി പാലായിലേക്ക് എത്തുന്നത്. അങ്ങനെയാണെങ്കില്‍ പാലായില്‍ മത്സരം റോഷിയും മാണി സി കാപ്പനും തമ്മിലാകും’ എന്നായിരുന്നു പി ജെ ജോസഫ് പറഞ്ഞത്.
റോഷി അഗസ്റ്റിന്‍ പാലായില്‍ എത്തിയാല്‍ ജോസ് കെ മാണി കടുത്തുരുത്തിയില്‍ മത്സരിച്ചേക്കുമെന്ന സൂചനയും ജോസഫ് പങ്കുവച്ചു. 42000 വോട്ട് ഭൂരിപക്ഷം ഉളള മോന്‍സ് ജോസഫിനെതിരെ മത്സരിക്കാന്‍ ജോസ് കെ മാണിക്ക് ധൈര്യമുണ്ടോ എന്ന ചോദ്യവും ജോസഫ് ഉന്നയിച്ചു. എട്ട് സീറ്റുകളില്‍ ആണ് ജോസ് വിഭാഗം മത്സരിക്കുക. ജോസ് കെ മാണി ഉള്‍പ്പടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും തോല്‍ക്കുമെന്നും പി ജെ ജോസഫ് അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫ് വിജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരുകള്‍ അവസാനിപ്പിക്കണം. ഗ്രൂപ്പില്ലാതെ എല്ലാവരും യു ഡി എഫിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഉമ്മന്‍ചാണ്ടി ഒറ്റവാക്ക് പറഞ്ഞാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളി അവസാനിക്കും. ജയ സാദ്ധ്യതയുളളവര്‍ക്കേ മുന്നണി സീറ്റ് നല്‍കാന്‍ പാടുളളൂ. എന്തെങ്കിലും പരിഗണനയുടെ പുറത്ത് ആളുകളെ മത്സരിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

