മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ പോലീസ് കേസെടുത്തു

തിരുവനന്തപുരം: കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പോലീസ് കേസെടുത്തു. പ്രസംഗത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെതിരേയാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സോളാര്‍ക്കേസിലെ പരാതിക്കാരി ഡി.ജി.പിയ്ക്കും വനിതാ കമ്മിഷനും പരാതി നല്‍കുകയായിരുന്നു. ഡി.ജി.പിയ്ക്ക് ലഭിച്ച പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറി. യുഡിഎഫ് സംഘടിപ്പിച്ച വഞ്ചനാദിനാചരണ പരിപാടിയില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രസംഗിക്കുമ്ബോഴായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം. അഴിമതിയില്‍ മുങ്ങിതാണ സര്‍ക്കാര്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഒരു അഭിസാരികയെ കൊണ്ടുവന്ന് വീണ്ടും കഥപറയിപ്പിക്കാന്‍ നോക്കുകയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
‘ഒരു സ്ത്രീയെ ഒരിക്കല്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞാല്‍ നമുക്ക് മനസ്സിലാക്കാം. ആത്മാഭിമാനമുള്ള ഒരു സ്ത്രീ ഒന്നുകില്‍ അവര്‍ മരിക്കും അല്ലെങ്കില്‍ ഒരിക്കല്‍ പോലും ആവര്‍ത്തിക്കാതിരിക്കതിരിക്കാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്. പക്ഷേ തുടരെ തുടരെ സംസ്ഥാനം മുഴുവന്‍ എന്നെ ബലാത്സംഗത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്ന് വിലപിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ നിര്‍ത്തിക്കൊണ്ട് നിങ്ങള്‍ രംഗത്തുവരാന്‍ പോകുന്നുവെന്നാണ് എന്നോട് ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞിരിക്കുന്നത്.’-ഇതായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകള്‍.
സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മുല്ലപ്പള്ളി ഖേദം പ്രകടിപ്പിച്ചിരുന്നു. ഈ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം മാത്രമാണ് ഉന്നയിച്ചതെന്നും സ്ത്രീകളെ അക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും, ചിലര്‍ പറഞ്ഞത് വളച്ചൊടിച്ചെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രാഷ്ട്രീയ നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി രംഗത്തു വരുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു.

