സുരേന്ദ്രന് കള്ളപ്പണക്കാരുമായി ബന്ധം’; കോഴപ്പണത്തെ കുറിച്ച് പറഞ്ഞാൽ ഗുണമുണ്ടാകുമെന്ന് ശോഭ പറഞ്ഞെന്ന് സതീഷ്
തൃശ്ശൂര്‍: കൊടകര കുഴൽപ്പണക്കേസിൽ തനിക്കെതിരെ നുണപ്രചരണം തുടർന്നാൽ ഒരുപാട് കാര്യങ്ങൾ പറയേണ്ടിവരുമെന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. കെ സുരേന്ദ്രന് കള്ളപ്പണക്കാരുമായി ബന്ധമെന്നും ശോഭ സുരേന്ദ്രൻ തന്റെ പേര് സിപിഎമ്മുമായി ചേർത്ത് പറഞ്ഞതിൽ സഹതാപമെന്നും സതീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 9 കോടി രൂപയാണ് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ വന്നതെന്നും സതീഷ് ആരോപിക്കുന്നു. ആറ് കോടിയെന്ന ധർമ്മരാജന്റെ മൊഴി തെറ്റാണെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു.
ശോഭാ സുരേന്ദ്രനെതിരെയും കെ സുരേന്ദ്രനെതിരെയും ഗുരുതര ആരോപണമാണ് തിരൂര്‍ സതീഷ് ഉന്നയിക്കുന്നത്. കോഴപ്പണം സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ പറഞ്ഞോളൂ എന്ന് ശോഭ പറഞ്ഞു. ഡിസംബര്‍ മാസം സംഘടനാ തെരഞ്ഞെടുപ്പ് വരികയാണ്. ഈ സമയം ഇക്കാര്യം പറഞ്ഞാല്‍ തനിക്ക് ഗുണം ഉണ്ടാകുമെന്നും ശോഭ പുറഞ്ഞിരുന്നുവെന്ന് തിരൂര്‍ സതീഷ് ആരോപിക്കുന്നു. തുറന്ന് പറഞ്ഞാല്‍ തനിക്ക് അധ്യക്ഷ സ്ഥാനം കിട്ടിയാലോ എന്നും ശോഭ പറഞ്ഞിരുന്നുവെന്ന് സതീഷ് പറയുന്നു. കള്ളപ്പണക്കാര്‍ എന്തിനാണ് കെ സുരേന്ദ്രനെ വിളിക്കുന്നതെന്ന് തിരൂര്‍ സതീഷ് ചോദിച്ചു. ധര്‍മ്മരാജന്‍ നേരത്തെ പണമെത്തിച്ചപ്പോള്‍ 1 കോടി സുരേന്ദ്രന് നല്‍കി. ധര്‍മ്മരാജന്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. കണ്ട കാര്യങ്ങള്‍ പറയേണ്ടി വന്നാല്‍ ഒരു പാട് ബുദ്ധിമുട്ടേണ്ടി വരുമെന്നും തിരൂര്‍ സതീഷ് മുന്നറിയിപ്പ് നല്‍കുന്നു.
ജില്ലാ നേതാക്കളുടെ നിർദ്ദേശ പ്രകാരം പൊലീസിന് കൊടുത്ത മൊഴിയിൽ നിന്നും വിരുദ്ധമായ സത്യങ്ങളാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. പണം ഓഫീസിൽ എത്തിയെന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. ആര് കൊണ്ടുവന്നു എന്ത് ചെയ്തു എന്ന് പറഞ്ഞിരുന്നില്ല. പണം എത്തിച്ചെന്ന് മാത്രം പറഞ്ഞപ്പോൾ ജില്ലാ അധ്യക്ഷനും സംസ്ഥാന അധ്യക്ഷനും എന്നെ വ്യക്തിഹത്യ നടത്താനാണ് ശ്രമിച്ചത്. പണം വന്നോ എന്ന കാര്യത്തിൽ ഇതുവരെ മറുപടി പറഞ്ഞില്ല. എത്ര പണം വന്നുവെന്നും ആരെല്ലാം ഉപയോഗിച്ചു എന്നൊക്കെ വെളിപ്പെടുത്തിയാൽ ഒരുപാട് കാര്യങ്ങൾ ഇവർ പറയേണ്ടിവരുമെന്നും സതീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.