ബുറേവി ചുഴലിക്കാറ്റ് : ശ്രീലങ്കയിൽ കനത്ത നാശം വിതച്ചെന്ന് റിപ്പോർട്ട്

കൊളംബോ: ശ്രീലങ്കയില്‍ മണിക്കൂറില്‍ 85 കിലോമീറ്ററിലധികം വേഗത്തില്‍ തീരം തൊട്ട ബുറേവി ചുഴലിക്കാറ്റ് നാശം വിതച്ച് ആഞ്ഞടിക്കുന്നു. ലങ്കയുടെ കിഴക്കന്‍ മേഖലകളില്‍ നിന്നും 75,000 പേരെ സര്‍ക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പുറത്തിറങ്ങരുതെന്നും സുരക്ഷിത സ്ഥലങ്ങളില്‍ തങ്ങണമെന്നുമാണ് സര്‍ക്കാരിന്റെ അറിയിപ്പ്. ജാഫ്ന, മുല്ലൈതീവ്, കിള്ളിനോച്ചി പ്രദേശങ്ങളില്‍ കനത്ത മഴയും കാറ്റുമാണ്.
നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍ കടപുഴകുകയും ചെയ്തു. ലങ്കന്‍ തീരത്ത് ആഞ്ഞടിച്ച കാറ്റ് രാത്രിയോടെ തമിഴ്നാട്ടിലേക്ക് കടക്കുമെന്നാണ് സൂചന. തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. രാമനാഥപുരം കന്യാകുമാരി ജില്ലകളില്‍ ആള്‍ക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി.
വെള്ളിയാഴ്ച ഉച്ചയോടെ കാറ്റ് തെക്കന്‍ കേരളത്തില്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ കടക്കുന്നതിന് മുന്‍പ് ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ്. പൊന്മുടി പ്രദേശം വഴിയാകും കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നത്. തെക്കന്‍ ജില്ലകളില്‍ സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

