മൂഡബിദ്രിയില്‍ കായികക്കുതിപ്പ്; അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ മീറ്റ് ഇന്നുമുതല്‍

മൂഡബിദ്രി (മംഗളൂരു): ജൈനസന്നിധിയായ മൂഡബിദ്രിയിലെ സ്വരാജ് മൈതാനി ഇനിയുള്ള നാലുനാൾ ആൺകരുത്തിന്റെ കായികക്കുതിപ്പറിയും. അഖിലേന്ത്യാ അന്തസ്സർവകലാശാലാ അത്ലറ്റിക് മീറ്റിന് (പുരുഷവിഭാഗം) ചൊവ്വാഴ്ച തുടക്കം. കോവിഡ് വിലങ്ങിട്ടിരുന്ന ട്രാക്കിൽ മാഹാമാരിയുടെ വ്യാപനം കുറയ്ക്കാനായി ഇത്തവണ പുരുഷ-വനിത മത്സരങ്ങൾ വെവ്വേറെയാണ് നടത്തുന്നത്.
10,000 മീറ്റർ ഫൈനലോടെയാണ് മീറ്റ് തുടങ്ങുക. ഇന്ത്യയിലെ 400 സർവകലാശാലകളിൽനിന്നുള്ള 2000 താരങ്ങൾ 23 ഇനങ്ങളിൽ മാറ്റുരയ്ക്കും. കേരളത്തിൽനിന്ന് കാലിക്കറ്റ് സർകലാശാലയാണ് ഏറ്റവും കൂടുതൽ കായികതാരങ്ങളെ പങ്കെടുപ്പിക്കുന്നത്, 36 പേർ. എം.ജി.-31, കണ്ണൂർ-15, കേരള-11, ആരോഗ്യസർവകലാശാല-11 എന്നിങ്ങനെയാണ് മറ്റു സർവകലാശാലകളുടെ പ്രാതിനിധ്യം.
കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ മീറ്റ് ഉദ്ഘാടനം ചെയ്യും. ചാമ്പ്യന്മാരാകുന്ന യൂണിവേഴ്സിറ്റി ടീമിന് 50,000 രൂപ നൽകുമെന്ന് സംഘാടകരായ ആൽവാസ് എജ്യുക്കേഷൻ ഫൗണ്ടേഷന്റെ ചെയർമാൻ ഡോ. എം. മോഹൻ ആൽവാസ് പറഞ്ഞു.
രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന സർവകലാശാലകൾക്ക് യഥാക്രമം 30,000, 20,000 രൂപയും നൽകും. ദേശീയ റെക്കോഡിടുന്ന താരങ്ങൾക്ക് 25,000 രൂപവീതവും നൽകും. 23 ഇനങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്ന കായികതാരങ്ങൾക്ക് യഥാക്രമം 25,000, 15,000, 10,000 രൂപവീതം നൽകും. ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി അസോസിയേഷൻ, മംഗളൂരു യൂണിവേഴ്സിറ്റി, ആൽവാസ് എജ്യുക്കേഷൻ ഫൗണ്ടേഷൻ എന്നിവരാണ് മീറ്റ് സംഘിപ്പിക്കുന്നത്. തുടർച്ചയായി നാലുവർഷമായി മംഗളൂരു സർവകലാശാലയാണ് ചാമ്പ്യന്മാർ.

