ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം ലഭിച്ചില്ല; കേസില്‍ രണ്ടാഴ്ച്ച സമയം അനുവദിച്ച് ബോംബെ ഹൈക്കോടതി

മുംബൈ∙ പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനാഫലം പുറത്തുവിടണമെന്നു ബിഹാര്‍ സ്വദേശിനി നല്‍കിയ അപേക്ഷ ബോംബെ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബിനോയിയുടെ അഭിഭാഷകര്‍ മറുപടി സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. ഫെബ്രുവരി 10ന് അടുത്ത വാദം കേള്‍ക്കും. ഡിഎന്‍എ ഫലം വൈകിയപ്പോഴാണു യുവതി ഒരു മാസം മുന്‍പ് അപേക്ഷ നല്‍കിയത്.
2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പൊലീസിൽ യുവതി പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമാണു ആരോപണം. ദുബായിൽ ഡാൻസ് ബാറിൽ ജോലി ചെയ്യുമ്പോൾ അവിടെ സ്ഥിരം സന്ദർശകനായിരുന്ന ബിനോയ് പരിചയപ്പെട്ടു. ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു. ബിനോയിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. 2009 നവംബറിൽ ഗർഭിണിയായി. തുടർന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം കഴിക്കാമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു.
2010 ഫെബ്രുവരിയിൽ അന്ധേരി വെസ്റ്റിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി. ഇതിനിടെ ദുബായിൽ നിന്ന് പതിവായി വന്നുപോയി. എല്ലാ മാസവും പണം അയയ്ക്കും. എന്നാൽ 2015ൽ ബിസിനസ് മോശമാണെന്നും ഇനി പണം നൽകുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട് വിളിച്ചാൽ ഒഴിഞ്ഞുമാറാൻ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോൾ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോൺ എടുക്കാതെയായെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

