കലോത്സവമാമാങ്കത്തിന് തിരിതെളിഞ്ഞു; മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു

61-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട് കൊടിയേറി. കലോത്സവ വേദി മാറുന്ന കാലത്തേക്ക് പിടിച്ച കണ്ണാടിയായി മാറുമെന്ന് കലോത്സവമാമാങ്കത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. മത്സരം എന്നതിലുപരി ഇത് ഒരു സാംസ്കാരിക കൂട്ടായ്മയാണ്. വിജയിക്കുന്നതിലല്ല, മത്സരിക്കുക എന്നതിനാണ് പ്രാധാന്യം. കുട്ടികള്‍ സര്‍ഗവാസനകള്‍ അവതരിപ്പിക്കട്ടെ, അത് കണ്ട് സന്തോഷിക്കാന്‍ നമുക്കും രക്ഷിതാക്കള്‍ക്കും കഴിയണം. അന്യം നിന്ന് പോകുന്ന കലകളുടെ വീണ്ടെടുപ്പ് കൂടിയാണ് കലോത്സവ വേദികളെന്ന് അദ്ദേഹം പറഞ്ഞു.
മഹാമാരിക്ക് ശേഷമുള്ള നമ്മുടെ മടങ്ങി വരവിന്റെ അടയാളപ്പെടുത്തല്‍ ആണ് ഇത്. കൊവിഡ് ഭീതി പൂര്‍ണമായി ഒഴിഞ്ഞെന്ന് കരുതാന്‍ ആകില്ല. മുന്‍കരുതല്‍ സ്വീകരിക്കണം എന്നത് വീണ്ടും ഓര്‍മിപ്പിക്കുന്നു. കൊവിഡ് സ്കൂള്‍ കലോത്സവങ്ങളെ ബാധിച്ചിരുന്നു. കുട്ടികളെ ബാധിക്കുന്ന സാമൂഹിക വിപത്തുകള്‍ ഉണ്ട്. അതിനെതിരെ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത് വലിയ ക്യാമ്ബയിനാണ്. ജാതിക്കും മതത്തിനും അതീതമാണ് കല. എല്ലാ നന്മകളും അങ്ങനെ ആണ്.ഒരു വേര്‍തിരിവും ഉണ്ടാകരുതെന്നും സ്നേഹത്തിന്റെ അന്തരീക്ഷം കലുഷമാവില്ല എന്ന് തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

