റയലിന് ഞെട്ടിക്കുന്ന തോല്‍വി, കോപ്പ ഡെല്‍ റേയുടെ ക്വാര്‍ട്ടറില്‍ പുറത്ത്

മഡ്രിഡ്: കോപ്പ ഡെൽ റേ ഫുട്ബോൾ ടൂർണമെന്റിൽ നിന്ന് കരുത്തരായ റയൽ മഡ്രിഡ് പുറത്ത്. ക്വാർട്ടർ ഫൈനലിൽ അത്ലറ്റിക്ക് ബിൽബാവോയാണ് റയലിനെ അട്ടിമറിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് അത്ലറ്റിക്കിന്റെ വിജയം.
അലക്സാണ്ട്രോ ബെറെൻഗ്യൂവർ റെമിറോയാണ് അത്ലറ്റിക്ക് ബിൽബാവോയ്ക്ക് വേണ്ടി വിജയഗോൾ നേടിയത്. മത്സരത്തിന്റെ 89-ാം മിനിറ്റിലാണ് താരം ഗോളടിച്ചത്.
പ്രീ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയെ അട്ടിമറിച്ച അത്ലറ്റിക്ക് മിന്നുന്ന ഫോം ക്വാർട്ടർ ഫൈനലിലും പുറത്തെടുത്തു. ഈ വിജയത്തോടെ അത്ലറ്റിക്കോ ബിൽബാവോ ടൂർണമെന്റിന്റെ സെമിയിലെത്തുന്ന നാലാമത്തെ ടീമായി.
വലൻസിയ, റയോ വയ്യെക്കാനോ, റയൽ ബെറ്റിസ് എന്നീ ടീമുകൾ നേരത്തേ സെമിയിലെത്തിയിട്ടുണ്ട്. സെമി ഫൈനൽ രണ്ട് പാദങ്ങളിലായി പുരോഗമിക്കും. സെമി ഫൈനൽ ഫിക്സ്ചർ പുറത്തുവന്നിട്ടില്ല. ഇത്തവണ വമ്പൻ ടീമുകളൊന്നും തന്നെ സെമിയിൽ ഇടം നേടിയില്ല.
സൂപ്പർ താരം കരിം ബെൻസേമയില്ലാതെയാണ് റയൽ കളിച്ചത്. യുവതാരം വിനീഷ്യസ് ജൂനിയർ നിറം മങ്ങിയത് ടീമിനെ പ്രതികൂലമായി ബാധിച്ചു. അസെൻസിയോയും റോഡ്രിഗോയും ടോണി ക്രൂസും കാസെമിറോയും മോഡ്രിച്ചും കുർട്വയുമെല്ലാം കളിച്ചിട്ടും റയലിന് വിജയം നേടാനായില്ല.

