KSDLIVENEWS

Real news for everyone

കൊടുങ്കാറ്റ് പോലെ യുഡിഎഫ് സർക്കാർ വരും; മലയോര സമരജാഥയുടെ വിജയം തുടക്കത്തിലേ ലഭിച്ചു: വിഡി സതീശൻ

SHARE THIS ON

മുണ്ടക്കയം: 2026ൽ യുഡിഎഫ് സർക്കാർ കൊടുങ്കാറ്റു പോലെ തിരികെ വരുമെന്നും വനം സംബന്ധിച്ച പ്രശ്നങ്ങൾക്ക് ആയിരിക്കും പ്രഥമ പരിഗണനയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോട്ടയം ജില്ലയിൽ പ്രവേശിച്ച മലയോര സമര പ്രചാരണ യാത്രയ്ക്കു മുണ്ടക്കയത്തു നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘‘മലയോര സമരജാഥയുടെ വിജയം തുടക്കത്തിലേ ലഭിച്ചു. ജാഥ പ്രഖ്യാപിച്ചപ്പോൾ തന്നെ വനംനിയമ ഭേദഗതി പിൻവലിക്കുവാൻ സർക്കാർ നടത്തിയ ഇടപെടൽ ഉദാഹരണമാണ്. വനം–വന്യജീവി പ്രശ്നങ്ങളിൽ ജനങ്ങൾ ഒറ്റയ്ക്കല്ല, ഞങ്ങൾ ഒപ്പമുണ്ട്. 18 യുഡിഎഫ് എംപിമാരും ഒറ്റക്കെട്ടായി പാർലമെന്റിൽ വിഷയം അവതരിപ്പിക്കും. വനം സംരക്ഷിക്കണം എന്നതാണ് യുഡിഎഫിന്റെ നയം. എന്നാൽ മനുഷ്യർ താമസിക്കുന്ന സ്ഥലം വനമാക്കാൻ അനുവദിക്കില്ല’’– സതീശൻ പറഞ്ഞു.

യുഡിഎഫ് കൺവീനർ എം.എം.ഹസൻ, എംപിമാരായ ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ മോൻസ് ജോസഫ്, മാണി സി.കാപ്പൻ, ചാണ്ടി ഉമ്മൻ, യുഡിഎഫ് പ്രതിനിധികളായ കെ.സി.ജോസഫ്, ജോയി ഏബ്രഹാം, ജോസഫ് വാഴയ്ക്കൻ, പി.എ.സലിം, ജോസി സെബാസ്റ്റ്യൻ, ഇ.ജെ.ആഗസ്തി, ഫിൽസൻ മാത്യൂസ്, നാട്ടകം സുരേഷ്, അസീസ് ബഡായി എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ അതിർത്തിയായ കല്ലേപാലത്തിൽ ജാഥയെ സ്വീകരിച്ചു.

ബസ് സ്റ്റാൻഡ് മൈതാനത്തു നടന്ന യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജോയി എബ്രഹാം അധ്യക്ഷനായി. ജില്ലയിലെ ഏക സ്വീകരണ സ്ഥലമായ മുണ്ടക്കയത്തു വന്യജീവി ആക്രമണങ്ങൾ നേരിട്ട ആളുകളെ അനുസ്മരിച്ചു. നാളെ തിരുവനന്തപുരം അമ്പൂരിയിൽ ജാഥ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!