നരകം മുഴുവൻ ഭൂമിയില്‍ ഇറങ്ങും’; ഹോര്‍മുസ് തുറക്കാൻ മറ്റൊരു 48 മണിക്കൂര്‍ മുന്നറിയിപ്പുമായി ട്രംപ്

വാഷിംഗ്‌ടണ്‍: ഹോർമുസ് കടലിടുക്ക് തുറന്നുനല്‍കുന്നതിനായി ഇറാൻ ഭരണകൂടത്തിന് വീണ്ടും 48 മണിക്കൂർ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ട്രംപ് ഈ അന്ത്യശാസനം നല്‍കിയത്. നിശ്ചിത സമയത്തിനുള്ളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാന് മേല്‍ അതിശക്തമായ സൈനികാക്രമണം ഉണ്ടാകുമെന്നും ‘നരകം മുഴുവൻ ഭൂമിയില്‍ ഇറങ്ങും’ എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ട്രംപ് ഭരണകൂടം ഇറാനു നേരെ തുടർച്ചയായി നല്‍കിവരുന്ന സമയപരിധികളുടെ പട്ടികയിലെ പുതിയൊരെണ്ണം മാത്രമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നില്ലെങ്കില്‍ ഇറാന്റെ ഊർജനിലയങ്ങള്‍ തകർക്കുമെന്ന് മാർച്ച് മാർച്ച് 22ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മാർച്ച് 26ന് ഈ സമയപരിധി പിന്നീട് 10 ദിവസത്തേക്ക് കൂടി ട്രംപ് നീട്ടിനല്‍കി.
അതേസമയം, ഇറാൻ വെടിവെച്ചിട്ട അമേരിക്കൻ യുദ്ധവിമാനത്തിലെ പൈലറ്റിനായുള്ള തിരച്ചില്‍ മേഖലയില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. എന്നാല്‍ ഈ തിരച്ചില്‍ ദൗത്യം അമേരിക്കക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പൈലറ്റിനെ കണ്ടെത്താനായി അയച്ച രണ്ട് സെർച്ച് ആൻഡ് റെസ്ക്യൂ ഹെലികോപ്റ്ററുകള്‍ കൂടി ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകർത്തത് സ്ഥിതിഗതികള്‍ സങ്കീർണമാക്കി. ഈ ഹെലികോപ്റ്ററുകളിലെ ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും, അമേരിക്കൻ വ്യോമസേനയുടെ ആത്മവിശ്വാസത്തിന് ഇത് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.
ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തങ്ങള്‍ പൂർണമായും തകർത്തുവെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വൈറ്റ് ഹൗസ് അവകാശപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വലിയ അളവില്‍ ബോംബുകള്‍ വഹിക്കാൻ ശേഷിയുള്ള ബി-52 ബോംബർ വിമാനങ്ങള്‍ അമേരിക്ക മേഖലയില്‍ വിന്യസിച്ചത്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് വിമാനങ്ങള്‍ വെടിവെച്ചിട്ടതിലൂടെ ഇറാന്റെ പ്രതിരോധം ഇപ്പോഴും ശക്തമാണെന്ന് വ്യക്തമായി. ഈ സാഹചര്യത്തില്‍, ഭീമൻ വിമാനങ്ങളായ ബി-52-കള്‍ ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാൻ സാധ്യതയുള്ളതിനാല്‍ അവയുടെ ദൗത്യങ്ങള്‍ നിർത്തിവെക്കാൻ വാഷിംഗ്ടണ്‍ ആലോചിക്കുന്നുണ്ട്.

