700 എസ്യുവികൾ,10000 പ്രവര്‍ത്തകര്‍: മകന് സീറ്റ് ലഭിച്ചതിന് പിന്നാലെ ശക്തിപ്രകടനവുമായി ബ്രിജ്ഭൂഷണ്

ന്യൂഡല്‍ഹി: തന്റെ സിറ്റിങ് സീറ്റായ കൈസര്‍ഗഞ്ജില്‍ മകന് കരണിനെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആഡംബര കാറുകളും പ്രവര്‍ത്തകരേയും അണിനിരത്തി ശക്തിപ്രകടനവുമായി ബ്രിജ്ഭൂഷണ് ശരണ്‍ സിങ്. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ക്രിമിനല്‍ കേസ് നേരിടുന്ന ഗുസ്തി ഫെഡറേഷന് മുന്‍ സാരഥിയായ ബ്രിജ് ഭൂഷണെ ഇത്തവണ സ്ഥാനാര്‍ഥിയാക്കാതെ. പകരം മകന് കരണിന് സ്ഥാനാര്‍ഥിത്വം നല്‍കുകയും ചെയ്തു.
കരണിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായിട്ടാണ് ബ്രിജ്ഭൂഷണ് വന്‍ റോഡ് ഷോ നടത്തിയത്. എഴുനൂറോളം എസ്യുവികളും പതിനായിരത്തോളം പ്രവര്‍ത്തകരും അണിചേര്‍ന്ന ശക്തി പ്രകടനത്തില്‍ എംഎല്‍എമാരും എംഎല്‍സിമാരും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു.
പരിപാടിയിലുടനീളം സന്നിഹിതനായിട്ടും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയോ മകന്റെയോ അടുത്ത് പോകാതെ പ്രമുഖരെയും മതനേതാക്കളെയും അഭിവാദ്യം ചെയ്യുന്ന
തിരക്കിലായിരുന്നു ബ്രിജ്ഭൂഷണ്. മകന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനും അദ്ദേഹം പോയില്ല. ‘അഞ്ചുപേര്‍ക്കാണ് അവിടെ പോകാന്‍ അനുമതിയുള്ളത്. മറ്റുള്ളവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുമ്പോള്‍ ഞാന്‍ ഇവിടെ ക്രമീകരണങ്ങള്‍ നോക്കുകയായിരുന്നു’ ഇത് സംബന്ധിച്ച് ബ്രിജ് ഭൂഷണ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
ആറു തവണ എംപിയായിട്ടുള്ള ബ്രിജ്ഭൂഷണ് സാങ്കേതികമായി സ്ഥാനാര്‍ഥിയല്ലെങ്കിലും മകനിലൂടെ മണ്ഡലം കൈവശംവെക്കാനാണ് ലക്ഷ്യമിടുന്നത്. ബ്രിജ് ഭൂഷണെതിരേ പരാതിനല്‍കിയ ഗുസ്തിതാരങ്ങള്‍ ഇതിനെതിരേ രംഗത്തുവന്നിട്ടുണ്ട്. ബ്രിജ് ഭൂഷണ് സീറ്റ് നല്‍കുന്നതിനെച്ചൊല്ലിയുണ്ടായ അനിശ്ചിതത്വം കൈസര്‍ഗഞ്ചിലെ ബി.ജെ.പി. സ്ഥാനാര്‍ഥിപ്രഖ്യാപനം നീളാന്‍ കാരണമായിരുന്നു. അഞ്ചാംഘട്ടമായ മേയ് 20-നാണ് റായ്ബറേലിയിലും കൈസര്‍ഗഞ്ചിലും അമേഠിയിലും ഉള്‍പ്പെടെ വോട്ടെടുപ്പ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി വെള്ളിയാഴ്ചയായിരുന്നു.
കൈസര്‍ഗഞ്ച് ഉള്‍പ്പെടുന്ന മേഖല ബ്രിജ് ഭൂഷന്റെ സ്വാധീനമേഖലയാണ്. ആരോപണങ്ങളുടെപേരില്‍ ബ്രിജ് ഭൂഷണ് സീറ്റ് നിഷേധിച്ചാലും പകരം കുടുംബത്തില്‍നിന്നുതന്നെ ആരെങ്കിലുമെത്തുമെന്ന സൂചനകളുണ്ടായിരുന്നു. മകന്‍തന്നെ സ്ഥാനാര്‍ഥിയായെത്തിയതോടെ ബി.ജെ.പി.യിലും മണ്ഡലത്തിലുമുള്ള ബ്രിജ് ഭൂഷണിന്റെ സ്വാധീനമാണ് പ്രകടമായത്.

