KSDLIVENEWS

Real news for everyone

ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ; 5 ജിക്കെതിരെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് 5-ജി വയർലെസ് നെറ്റ്വർക്ക് നടപ്പാക്കുന്നതിനെതിരെ നടിയും പരിസ്ഥിതി പ്രവർത്തകയുമായ ജൂഹി ചൗള നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജൂഹിയുടെ ഹർജി ന്യൂനതകളുള്ളതും അംഗീകരിക്കാനാവുന്നതല്ലെന്നും നിരീക്ഷിച്ച കോടതി 20 ലക്ഷം രൂപ പിഴയും വിധിച്ചു. ജസ്റ്റിസ് ജി.ആർ. മെഹ്തയുടെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വ്യക്തമായ കാരണങ്ങളില്ലാത്ത ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് മെഹ്ത നിരീക്ഷിച്ചു. പ്രശസ്തിക്കു വേണ്ടിയാണ് ഹർജി സമർപ്പിച്ചതെന്ന് കരുതുന്നതായും ഹർജിയിൽ വിർച്വൽ വാദം കേട്ടതിന്റെ ലിങ്ക് ജൂഹി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും കോടതി പറഞ്ഞു. വിർച്വൽ വാദം കേൾക്കുന്നതിനിടെ കടന്നുകയറുകയും ജൂഹിയുടെ സിനിമകളിലെ പാട്ടുകൾ പാടി തടസ്സം സൃഷ്ടിക്കുകയും ചെയ്തവർക്കെതിരെ കോടതിയലക്ഷ്യത്തിന് കാരണം കാണിക്കൽ നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നും എന്നാൽ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും 5-ജിയ്ക്ക് എതിരായി സമർപ്പിച്ച ഹർജിയിൽ ജൂഹി പറഞ്ഞിരുന്നു. 5 ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാൻ മതിയായ കാരണമുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!