ജമ്മു കാശ്മീരില്‍ വൻ അട്ടിമറി, ഒമര്‍ അബ്‌ദുള്ളയ്ക്കും മെഹബൂബ മുഫ്തിയ്ക്കും തോല്‍വി

ശ്രീനഗർ: പ്രത്യേക പദവി റദ്ദാക്കിയ ശേഷം ജമ്മു കാശ്‌മീരില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയ്ക്കും മെഹബൂബ മുഫ്തിക്കും പരാജയം.
ജമ്മുകാശ്മീരിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളാണിത്.
നാഷണല്‍ കോണ്‍ഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ളയെ ബാരാമുള്ള മണ്ഡലത്തില്‍ തോല്‍പ്പിച്ചത് ഭീകരപ്രവർത്തനത്തിന് തീഹാർ ജയിലില്‍ കിടക്കുന്ന ഷെയ്ഖ് അബ്ദുല്‍ റഷീദ് ആണ്. മൂന്ന് ലക്ഷത്തിലേറെ ഭൂരിപക്ഷമുണ്ട്. എൻജിനീയർ റഷീദ് എന്നറിയപ്പെടുന്ന ഇയാള്‍ ഭീകരർക്ക് ഫണ്ട് നല്‍കിയതുമായി ബന്ധപ്പെട്ട യു.എ.പി.എ കേസില്‍ അഞ്ചുവർഷമായി തിഹാർ ജയിലിലാണ്. അവാമി ഇത്തിഹാദ് പാർട്ടിയുടെ തലവനായ റഷീദ് സ്വതന്ത്രനായാണ് മത്സരിച്ചത്. വിദ്യാർത്ഥികളായ പുത്രന്മാർ അബ്രാർ റഷീദും അസ്രാർ റഷീദുമാണ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. 2008ലും 2014ലും ലാംഗതേ സീറ്റില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. അനിവാര്യമായത് അംഗീകരിക്കേണ്ട സമയമാണിതെന്നും റഷീദിന് അഭിനന്ദനങ്ങളെന്നും ഒമർ അബ്ദുള്ള പ്രതികരിച്ചു.
അനന്ത്നാഗ് – രജൗറി മണ്ഡലത്തില്‍ മത്സരിച്ച പി.ഡി.പി സ്ഥാനാർത്ഥി മെഹബൂബ മുഫ്‌ത്തിയെ നാഷണല്‍ കോണ്‍ഫറൻസിന്റെ മിയാൻ അല്‍ത്താഫ് രണ്ട് ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ജനങ്ങളുടെ വിധി മാനിക്കുന്നെന്നും പി.ഡി.പി പ്രവർത്തകർക്കും നേതാക്കളും നന്ദി പറയുന്നെന്നും മുഫ്‌ത്തി അറിയിച്ചു. ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ നാഷണല്‍ കോണ്‍ഫറൻസിന്റെ ആഗാ സയീദ് റൂഹുള്ള മെഹ്ദി ലീഡ് ചെയ്യുന്നു. ബി. ജെ. പിയുടെ സിറ്റിംഗ് എം. പിമാരായ ജുഗല്‍ കിഷോർ ശർമ്മയും ജിതേന്ദ്ര സിംഗും ജമ്മു, ഉധംപൂർ സീറ്റുകളില്‍ ലീഡ് നേടി.

