മുസ്ലിം ഇതര അഭയാര്‍ഥികള്‍ക്ക് പൗരത്വം; സമസ്തയും സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി: മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം നൽകാനുള്ള വിജ്ഞാപനത്തിനെതിരേ മുസ്ലിം ലീഗിന് പിന്നാലെ സമസ്തയും സുപ്രീം കോടതിയെ സമീപിച്ചു. വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് സമസ്തയുടെ ആവശ്യം. വളഞ്ഞ വഴിയിലൂടെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ സമസ്ത ആരോപിക്കുന്നു.
മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയുടെ ലംഘനം ആണെന്നാരോപിച്ചാണ് സമസ്ത അപേക്ഷ നൽകിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് നേരത്തെ നൽകിയ റിട്ട് ഹർജിയിലാണ് സമസ്ത പുതിയ അപേക്ഷ നൽകിയിരിക്കുന്നത്.
1955 ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിൽ 2009 ൽ തയ്യാറാക്കിയ ചട്ടങ്ങൾ പ്രകാരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത്. എന്നാൽ 1995 ലെ പൗരത്വ നിയമ പ്രകാരം മതാടിസ്ഥാനത്തിൽ പൗരത്വം നൽകാൻ കഴിയില്ല എന്ന് സമസ്ത ചൂണ്ടിക്കാട്ടുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ല എന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിക്ക് ഉറപ്പ് നൽകിയിരുന്നതായി അപേക്ഷയിൽ പറയുന്നു. എന്നാൽ ഈ ഉറപ്പ് ലംഘിച്ചു കൊണ്ടാണ് 2019 ലെ നിയമത്തിലെ വ്യവസ്ഥകൾ വളഞ്ഞ വഴിയിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും സമസ്തയ്ക്ക് വേണ്ടി അഭിഭാഷകൻ സുൽഫീക്കർ അലി ഫയൽ ചെയ്ത അപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര വിഭാഗങ്ങളിലെ അഭയാർഥികൾക്കാണ് പൗരത്വം നൽകാൻ കേന്ദ്ര സർക്കാർ അപേക്ഷ ക്ഷണിച്ചത്. ഗുജറാത്ത്, രാജസ്ഥാൻ, ചത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ അഭയാർഥികളായി താമസിക്കുന്നവർക്കാണ് പൗരത്വം നൽകുന്നത്. മുസ്ലിം ലീഗിന്റെ അപേക്ഷ കഴിഞ്ഞ തവണ പരിഗണനയ്ക്ക് എടുത്തപ്പോൾ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് അഭിഭാഷകരായ കപിൽ സിബലും ഹാരിസ് ബീരാനും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ലീഗിന്റെ അപേക്ഷ തള്ളണമെന്ന് സത്യവാങ്മൂലത്തിലൂടെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപെട്ടിട്ടുണ്ട്. മെയ് മാസം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിന് പൗരത്വ ഭേദഗതി നിയമവും ആയി ബന്ധമില്ല എന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

