KSDLIVENEWS

Real news for everyone

യുപിയില്‍ മുസ്ലിംവോട്ട് കിട്ടി; ഈ മാതൃകയില്‍ പുതിയ വിഭാഗങ്ങളില്‍ കടന്നുചെല്ലാനുള്ള നീക്കവുമായി ബിജെപി

SHARE THIS ON

പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലും സ്വാധീനമുണ്ടാക്കണമെന്നും ഇവരിലേക്ക് കടന്നുചെല്ലാന്‍ സ്‌നേഹയാത്രകള്‍ സംഘടിപ്പിക്കണമെന്നും ബി.ജെ.പി. പ്രവര്‍ത്തകരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൈദരാബാദില്‍ ചേര്‍ന്ന ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതി യോഗത്തിന്റെ സമാപനച്ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം. കുടുംബാധിഷ്ഠിതപാര്‍ട്ടികളെ രാജ്യം മടുത്തെന്നും ഇവര്‍ ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും മോദി പറഞ്ഞു.


ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിലും അസംഗഢ്, രാംപുര്‍ മണ്ഡലങ്ങളില്‍ അടുത്തിടെ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലും ബി.ജെ.പി. വന്‍നേട്ടമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം.

വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തി. ഹിന്ദുക്കള്‍ക്കുപുറമെ, മറ്റ് സമുദായങ്ങളിലും പാര്‍ശ്വവത്കരിക്കപ്പെട്ടവരും പിന്നാക്കം നില്‍ക്കുന്നവരുമായ ജനവിഭാഗങ്ങളുണ്ട്. ബി.ജെ.പി.യുടെ പ്രവര്‍ത്തനപരിധിയില്‍ ഇവരെയെല്ലാം കൊണ്ടുവരണം. ഹിന്ദുക്കളില്‍ മാത്രമായി പാര്‍ട്ടിസാന്നിധ്യം പരിമിതപ്പെടുത്തരുത്. ജനങ്ങള്‍ക്കുവേണ്ടി, ഓജസ്സുള്ള ഭരണത്തിനുവേണ്ടി (പ്രോ പീപ്പിള്‍, പ്രോ ആക്ടീവ് ഗവേണന്‍സ്) എന്നതായിരിക്കണം പാര്‍ട്ടിയുടെ മുദ്രാവാക്യം. ഇന്ത്യയെ ലോകത്തെ ഏറ്റവും പ്രധാന രാജ്യമാക്കുകയാണ് ലക്ഷ്യമാക്കേണ്ടത്. സേവനം, സന്തുലിത നില, സമന്വയം, സംവാദം എന്നിവ പ്രവര്‍ത്തനത്തില്‍ നടപ്പാക്കണം. ഏതെങ്കിലും ഒരുവിഭാഗത്തെ പ്രീണിപ്പിക്കുന്നതിനുപകരം എല്ലാവരെയും ഉള്‍ക്കൊള്ളുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന രാഷ്ട്രീയമാണ് നടപ്പാക്കേണ്ടത്. തുഷ്ടീകരണ(പ്രീണനം)ത്തിനുപകരം തൃപ്തീകരണ(എല്ലാവര്‍ക്കും തൃപ്തി)മാണ് നടപ്പാക്കേണ്ടത്. കുടുംബ വാഴ്ച, കുടുംബാധിഷ്ഠിത രാഷ്ട്രീയം, ജാതീയത, പ്രീണന രാഷ്ട്രീയം എന്നിവയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടപ്പാക്കുന്നത്. ഇത് ഇല്ലാതാക്കുന്നതിനാണ് ബി.ജെ.പി. ശ്രദ്ധിക്കേണ്ടത്. കുടുംബാധിഷ്ഠിത രാഷ്ട്രീയം ദീര്‍ഘകാലം നിലനില്‍ക്കില്ല. വിരോധത്തിനുവേണ്ടിയുള്ള വിരോധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. പല പാര്‍ട്ടികളും ദീര്‍ഘകാലം രാജ്യം ഭരിച്ചു. എന്നാല്‍, അവരെല്ലാം നിലനില്‍പ്പിനായി ഇപ്പോള്‍ യുദ്ധം ചെയ്യുകയാണ്. അവരെ പരിഹസിക്കാതെ അവര്‍ ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!