ലൈംഗികബന്ധം ഫോട്ടോയെടുത്ത് ബ്ലാക്ക്മെയില്‍; നിയമവിദ്യാര്‍ഥിയെ കൊന്ന് അഴുക്ക് ചാലിലെറിഞ്ഞു, പ്രതികള്‍ പിടിയില്‍

ദില്ലി: ലൈംഗിക ബന്ധത്തിനിടെ ഫോട്ടോയെടുത്ത് ബ്ലാക്ക് ചെയ്തെന്നാരോപിച്ച് 21 കാരനായ നിയമവിദ്യാര്‍ഥിയെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി അഴുക്ക് ചാലില്‍ എറിഞ്ഞു.
ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ജൂണ്‍ 27 മുതല്‍ കാണാതായ വിദ്യാര്‍ത്ഥിയെ യാഷ് റസ്തോഗി എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഷവേജ്, ഇമ്രാന്‍, സല്‍മാന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
250-ലധികം സിസിടിവി കാമറകള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. വീട്ടില്‍ നിന്ന് സ്കൂട്ടറില്‍ പുറത്തുപോയ വിദ്യാര്‍ഥിയെ പിന്നീട് കാണാതാകുകയായിരുന്നു. അന്വേഷണത്തില്‍ വിദ്യാര്‍ഥി പ്രതികളുടെ അടുത്തെത്തിയതായി തെളിഞ്ഞു. പിന്നീട് വിദ്യാര്‍ഥിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ അഴുക്കുചാലിലാണ് കണ്ടെത്തിയതെന്ന് മീററ്റ് പൊലീസ് സൂപ്രണ്ട് സുനില്‍ ഭട്‌നാഗര്‍ പറഞ്ഞു.
മരിച്ച വിദ്യാര്‍ത്ഥി ഏതാനും സ്വവര്‍ഗ്ഗാനുരാഗ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാള്‍ക്ക് വിവിധ പുരുഷന്മാരുമായി ബന്ധമുണ്ടെന്നും പ്രതികളുമായി അടക്കം ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. ലൈംഗികബന്ധത്തിനിടെ വിദ്യാര്‍ത്ഥി തങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നും പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി ഇവര്‍ നിയമവിദ്യാര്‍ത്ഥിക്ക് 40,000 രൂപ നല്‍കി. വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

