KSDLIVENEWS

Real news for everyone

കോവിഡ് വ്യാപനം ; തമിഴ്നാട്ടിൽ കോവിഡ് നിയന്ത്രിക്കാനായത് ആർ.ടി.പി.സി.ആർ. പരിശോധന മാത്രം നടത്തിയതുകൊണ്ടെന്ന് ആരോഗ്യമന്ത്രി

SHARE THIS ON

ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം കുറച്ചുകൊണ്ടുവരാനായത് ആർ.ടി.പി.സി.ആർ. പരിശോധന മാത്രം നടത്തിയതുകൊണ്ടാണെന്ന് ആരോഗ്യമന്ത്രി വിജയഭാസ്കർ പറഞ്ഞു. രാവിലെ സാംപിൾ നൽകിയാൽ അടുത്ത ദിവസം രാവിലെ പരിശോധനാഫലം മൊബൈൽ ഫോണിൽ ലഭിക്കും. തെരുവുകൾ തോറും നടത്തിയ മെഡിക്കൽ ക്യാന്പുകൾ വഴി ചെന്നൈയിൽ മാത്രം 60,000 കോവിഡ് ബാധിതരെ കണ്ടെത്തി ആശുപത്രിയിലാക്കിയിരുന്നു. മെഡിക്കൽ ക്യാന്പുകൾ ഇപ്പോഴും തുടരുന്നുണ്ട്. കേരളത്തിൽ രോഗവ്യാപനം കുറച്ചുകൊണ്ടുവരാൻ ഇപ്പോഴും പാടുപെടുകയാണ്. തമിഴ്‌നാട് ആരോഗ്യവിദഗ്ധരുമായി കൃത്യമായ കാലയളവിൽ ചർച്ച നടത്തി തീരുമാനമെടുത്തതിലൂടെയാണ് പ്രതിദിന കോവിഡ് ബാധിതരുടെ 2,500-ന് താഴേയ്ക്ക് കുറച്ചുകൊണ്ടുവരാൻ കഴിഞ്ഞതെന്ന് മന്ത്രി വിജയഭാസ്കർ സെക്രട്ടേറിയറ്റിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒരു കോടി ആർ.ടി.പി.സി.ആർ. പരിശോധനകളാണ് ഇതുവരെ തമിഴ്‌നാട്ടിൽ നടത്തിയത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തിൽ യൂറോപ്യൻ രാജ്യങ്ങൾ പിടിച്ചുനിൽക്കാൻ പാടുപെടുകയാണെന്ന് മന്ത്രി പറഞ്ഞു. അതിനാൽ ദീപാവലി ആഘോഷവും തുടർന്നുവരുന്ന മറ്റ് ആഘോഷങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കണം. പൊതുസ്ഥലങ്ങളിൽ അതിശ്രദ്ധയോടെ ഇടപഴകണം. രണ്ടാംഘട്ട രോഗവ്യാപനമുണ്ടായാൽ പ്രത്യാഘാതം താങ്ങാനാകാത്തതായിരിക്കും. എങ്കിലും തമിഴ്‌നാട് എല്ലാ തയ്യാറെടുപ്പുകളും നടത്തി വരികയാണ്. 1.39 ലക്ഷം കിടക്കകൾ സംസ്ഥാനത്ത് തയ്യാറാക്കിയിട്ടുണ്ട്.
സാംപിൾ പരിശോധനയ്ക്കായി 203 ലാബുകളും തുറന്നിട്ടുണ്ട്. എല്ലാ മെഡിക്കൽ കോളേജുകളിലും രാജ്യാന്തര തലത്തിലുള്ള അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് -മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!