KSDLIVENEWS

Real news for everyone

ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചു; സെമി പ്രതീക്ഷ നിലനിര്‍ത്തി ഓസ്‌ട്രേലിയ

SHARE THIS ON

ദുബായ്: ട്വന്റി-20 ലോകകപ്പിൽ സെമി ഫൈനൽ സാധ്യതകൾ സജീവമാക്കി ഓസ്ട്രേലിയ. സൂപ്പർ 12 മത്സരത്തിൽ ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. 82 പന്ത് ശേഷിക്കെയാണ് ഓസീസിന്റെ വിജയം.

74 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്ട്രേലിയ 6.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയതീരത്തെത്തി. 18 റൺസെടുത്ത ഡേവിഡ് വാർണറുടേയും 40 റൺസെടുത്ത ആരോൺ ഫിഞ്ചിന്റേയും വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. മിച്ചൽ മാർഷും (16) ഗ്ലെൻ മാക്സ്വെല്ലും പുറത്താകാതെ നിന്നു. 14 പന്തിൽ മൂന്നു ഫോറിന്റെ അകമ്പടിയോടെയാണ് വാർണറുടെ 18 റൺസ്. 20 പന്തിൽ രണ്ട് ഫോറും നാല് സിക്സും സഹിതമാണ് ഫിഞ്ച് 40 റൺസ് അടിച്ചെടുത്തത്.


നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഓസീസ് ബൗളർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. 15 ഓവറിൽ 73 റൺസിന് എല്ലാവരും പുറത്തായി.19 റൺസെടുത്ത ഷമീം ഹുസൈനാണ് ടോപ്പ് സ്കോറർ. ഓസീസിനായി ആദം സാംപ അഞ്ചു വിക്കറ്റ് വീഴ്ത്തി.

സ്കോർ ബോർഡിൽ ഒരു റൺ എത്തിയപ്പോഴേക്കും ഓപ്പണർ ലിറ്റൺ ദാസിനെ നഷ്ടപ്പെട്ട ബംഗ്ലാദേശ് പിന്നീട് കൂട്ടത്തകർച്ച നേരിടുകയായിരുന്നു. സൗമ്യ സർക്കാർ അഞ്ചു റൺസിന് പുറത്തായപ്പോൾ ഒരു റണ്ണായിരുന്നു മുഷ്ഫിഖുർ റഹീമിന്റെ സമ്പാദ്യം. മഹ്മൂദുള്ള 16 റൺസിനും മുഹമ്മദ് നയീം 17 റൺസിനും ക്രീസ് വിട്ടു. ആഫിഫ് ഹുസൈനും ഷരീഫുൽ ഇസ്ലാമും മെഹ്ദി ഹസ്സനും പൂജ്യത്തിന് പുറത്തായി. തസ്കിൻ അഹമ്മദ് ആറു റൺസും മുസ്തഫിസുർ റഹ്മാൻ നാല് റൺസും നേടി.


നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങിയാണ് സാംപ അഞ്ചു വിക്കറ്റെടുത്തത്. ജോഷ് ഹെയ്സൽവുഡും മിച്ചൽ സ്റ്റാർക്കും രണ്ടു വിക്കറ്റ് വീതം നേടി. ഗ്ലെൻ മാക്സ്വെൽ ഒരു വിക്കറ്റെടുത്തു.

ഗ്രൂപ്പ് ഒന്നിൽ കളിച്ച അഞ്ച് മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് സെമി ഫൈനൽ കാണാതെ പുറത്തായി. നാല് മത്സരങ്ങളിൽ മൂന്നു വിജയവും ഒരു തോൽവിയുമായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്കുയർന്നു. ഈ ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ട് നേരത്തെ സെമിയിലെത്തിയിരുന്നു.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!