ഫഖര്‍ സമാന്റെ വെടിക്കെട്ടിനു പിന്നാലെ ഡക്ക്‌വര്‍ത്ത് ലൂയിസും തുണച്ചു; പാകിസ്താന് ആവേശ ജയം

ബെംഗളൂരു: കിവീസിന്റെ ബാറ്റിങ് വെടിക്കെട്ടിന് ഫഖര്‍ സമാന്‍ മറുപടി നല്‍കിയ മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരേ പാകിസ്താന് ജയം. മഴ കളിമുടക്കിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 21 റണ്‍സിനായിരുന്നു പാകിസ്താന്റെ ജയം. പാകിസ്താന്റെ ജയത്തോടെ ദക്ഷിണാഫ്രിക്ക സെമിയില്‍ കടക്കുന്ന രണ്ടാമത്തെ ടീമായി. കിവീസ് ഉയര്‍ത്തിയ 402 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പാകിസ്താന് സെഞ്ചുറി നേടിയ ഓപ്പണര്‍ ഫഖര്‍ സമാന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് തുണയായത്. അബ്ദുള്ള ഷഫീഖിനെ (4) രണ്ടാം ഓവറില്‍ തന്നെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ കൂട്ടുപിടിച്ച് ഫഖര്‍ വെടിക്കെട്ടിന് തിരികൊളുത്തി. ഇതിനിടെ 21.3 ഓവറില്‍ പാകിസ്താന്‍ ഒന്നിന് 160 റണ്‍സില്‍ നില്‍ക്കെയാണ് ആദ്യം മഴ കളി തടസപ്പെടുത്തുന്നത്. സമയം നഷ്ടമായതോടെ പാകിസ്താന്റെ വിജയലക്ഷ്യം 41 ഓവറില്‍ 342 റണ്‍സായി പുനര്‍നിശ്ചയിച്ചു. ആ സമയം ഡിഎല്‍എസ് പാര്‍ സ്‌കോറിനേക്കാള്‍ 10 റണ്‍സിന് മുന്നിലായിരുന്നു പാകിസ്താന്‍. കളിപുനരാരംഭിച്ച ശേഷം സ്‌കോര്‍ 25.3 ഓവറില്‍ ഒന്നിന് 200 റണ്‍സെന്ന നിലയില്‍ നില്‍ക്കേ വീണ്ടും മഴയെത്തി. കളി തുടരാനാകില്ലെന്ന് വിലയിരുത്തപ്പെട്ടതോടെ പാകിസ്താനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ലോകകപ്പില്‍ ഒരു പാകിസ്താന്‍ താരത്തിന്റെ വേഗമേറിയ സെഞ്ചുറി കുറിച്ച ഫഖര്‍ സമാന്‍ 81 പന്തില്‍ നിന്ന് 11 സിക്‌സും എട്ട് ഫോറുമടക്കം 126 റണ്‍സോടെ പുറത്താകാതെ നിന്നു. താരത്തിന് ഉറച്ച പിന്തുണ നല്‍കിയ ബാബര്‍ 63 പന്തില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്‌സുമടക്കം 66 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 194 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ജയത്തോടെ എട്ട് മത്സരങ്ങളില്‍ നിന്ന് എട്ടു പോയന്റ് നേടിയ പാകിസ്താന്‍ അഞ്ചാം സ്ഥാനത്തെത്തി. സെമി പ്രതീക്ഷ നിലനിര്‍ത്താനും ടീമിനായി.

