KSDLIVENEWS

Real news for everyone

കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ;
‘ഓപ്പറേഷൻ ഗജ’ അവസാന റൗണ്ടിൽ

SHARE THIS ON

ദേലംപാടി: മുളിയാർ, ദേലംപാടി, ബേഡഡുക്ക പഞ്ചായത്തുകളിൽ വർഷങ്ങളായി കാർഷികവിളകൾ നശിപ്പിച്ചുകൊണ്ടിരുന്ന ആനക്കൂട്ടങ്ങളെ സംസ്ഥാന വനാതിർത്തി കടത്തി വനംവകുപ്പിന്റെ ‘ഓപ്പറേഷൻ ഗജ’ അവസാന റൗണ്ടിൽ. വ്യാഴാഴ്ച ഉച്ചയോടെ രണ്ടാമത്തെ ആനക്കൂട്ടത്തെയും പുലിപ്പറമ്പ് വനാതിർത്തി കടത്താനായി.
ചൊവ്വാഴ്ച ആദ്യ ആനക്കൂട്ടത്തെ അതിർത്തി കടത്തിയിരുന്നു. രണ്ടാമത്തെ കൂട്ടത്തിൽ എട്ട് ആനകളാണ് ഉണ്ടായിരുന്നത്. ആദ്യ കൂട്ടത്തിൽ ആറ് ആനകളാണുണ്ടായിരുന്നത്. ഇനി അവശേഷിക്കുന്നത് ഒരു ഒറ്റക്കൊമ്പൻ മാത്രമാണ്. ഇത് കഴിഞ്ഞദിവസം കൊട്ടംകുഴിയിൽ നാശം വിതച്ചിരുന്നു. ദൗത്യസംഘം ഒറ്റക്കൊമ്പനെയും പയസ്വിനിപ്പുഴ കടത്തി പാണ്ടി വനത്തിനരികിലെത്തിച്ചിട്ടുണ്ട്. അടുത്ത രണ്ടുദിവസത്തിനകം ഒറ്റക്കൊമ്പനെയും പുലിപ്പറമ്പ് കടത്താനാവുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.
21 ദിവസത്തെ തീവ്ര ആനതുരത്തൽ പദ്ധതി പ്രഖ്യാപിച്ച് ഒൻപതാംദിവസം തന്നെ വിജയത്തിനരികിലെത്തിക്കാൻ പറ്റിയത് ദൗത്യസേനയുടെയും ജില്ലയിലെ വനപാലകരുടെയും കഠിന പരിശ്രമംകൊണ്ടാണ്. നാട്ടുകാരുടെ നിർലോഭമായ പിന്തുണയും ദൗത്യസംഘത്തിന് ലഭിച്ചു. നാല് ആനകളുടെ കൂട്ടവും അതിർത്തി കടന്നുവെന്ന് വനംവകുപ്പ്
:പാണ്ടി, കാറഡുക്ക, മുളിയാർ എന്നീ ചെറുവനങ്ങളിലായി 19 ആനകളാണ് ഉണ്ടായിരുന്നത്. രണ്ട് കൂട്ടങ്ങളെ അതിർത്തി കടത്തിയതിൽ 14 ആനകൾ ഉൾപ്പെടുന്നു. ഒരു ഒറ്റക്കൊമ്പൻ മാത്രമാണ് ഇപ്പോൾ വനത്തിൽ അവശേഷിക്കുന്നത്. ബാക്കിവരുന്ന നാല് ആനകളുടെ കൂട്ടം വന്ന വഴിയേ അതിർത്തി കടന്നിരിക്കാമെന്നാണ് വനംവകുപ്പധികൃതർ കരുതുന്നത്. മുളിയാർ വനത്തിൽനിന്നാരംഭിച്ച ദൗത്യം കാടിളക്കിയാണ് ആനക്കൂട്ടങ്ങളെ തെളിച്ചത്. വനത്തിനകത്ത് ആനക്കൂട്ടം അവശേഷിക്കുന്നുണ്ടെങ്കിൽ അവയും കണ്ടെത്തുമായിരുന്നു. കൂടാതെ, ഇവ കൃഷിയിടത്തിലിറങ്ങിയതായി എവിടെനിന്നും പരാതി വന്നിട്ടില്ല. ഈ ചെറുവനത്തിനകത്ത് കാര്യമായ ഭക്ഷണമില്ലാത്തതിനാൽ ഇവയ്ക്ക് മൂന്നാഴ്ചയോളം ഇവിടെ തങ്ങാനാവില്ലെന്നാണ് അധികൃതർ കരുതുന്നത്.
ഒറ്റക്കൊമ്പനൊഴികെ എല്ലാ ആനകളും അതിർത്തി കടന്നുവെന്ന നിഗമനത്തിലാണ് വനംവകുപ്പ്. അതേസമയം, പുലിപ്പറമ്പിൽ വൈദ്യുതവേലി പുനഃസ്ഥാപിക്കൽ ജോലി ആരംഭിച്ചു. അതിർത്തി കടന്നവ തിരിച്ചുവരാതിരിക്കാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുമെന്ന് ബന്തടുക്ക സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ആർ.ബാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!