കോവിഡ് വാക്സിന് ആദ്യം ലഭിക്കുക ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവര്ത്തകര്ക്ക്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിൻ ആദ്യം വിതരണം ചെയ്യുക സർക്കാർ-സ്വകാര്യ മേഖലയിലെ ഒരു കോടിയോളം വരുന്ന ആരോഗ്യപ്രവർത്തകർക്ക്. അടുത്ത ഘട്ടത്തിൽ രണ്ടുകോടിയോളം വരുന്ന കോവിഡ് മുന്നണിപ്പോരാളികൾക്കും വാക്സിൻ വിതരണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച സർവകക്ഷിയോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
വാക്സിൻ ഏതാനും ആഴ്ചകൾക്കുള്ളിൽ വിതരണത്തിനായി തയ്യാറാവുമെന്ന് പ്രധാനമന്ത്രി യോഗത്തിൽ അറിയിച്ചിരുന്നു. വാക്സിൻ വില സംബന്ധിച്ച് സംസ്ഥാന സർക്കാരുകളുമായി കേന്ദ്രത്തിന്റെ ചർച്ച തുടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷി യോഗത്തിൽ പറഞ്ഞു.
ഡോക്ടർമാർ, നഴ്സുമാർ എന്നുവരുൾപ്പടെയുളള ആരോഗ്യപ്രവർത്തകർക്കാണ് പ്രാഥമിക ഘട്ടത്തിൽ വാക്സിൻ ലഭിക്കുക. പോലീസ്, സാധുധ സേനാംഗങ്ങൾ, മുനിസിപ്പൽ തൊഴിലാളികൾ എന്നുവരുൾപ്പെടുന്ന മുന്നണിപ്പോരാളികൾക്കാണ് രണ്ടാംഘട്ടത്തിൽ വാക്സിൻ ലഭിക്കുക.
വെള്ളിയാഴ്ച രാവിലെ 10.30ന് ആരംഭിച്ച വെർച്വൽ യോഗത്തിൽ ലോക്സഭ, രാജ്യസഭകളിലുളള എല്ലാ രാഷ്ട്രീയ പാർട്ടികളിലേയും നേതാക്കന്മാരെ ക്ഷണിച്ചിരുന്നു.
രാജ്യത്ത് കോവിഡ് 19 റിപ്പോർട്ട് ചെയ്തതിന് ശേഷം കേന്ദ്രസർക്കാർ വിളിച്ചുചേർക്കുന്ന രണ്ടാമത്തെ സർവകക്ഷിയോഗമാണ് ഇത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത്ഷാ, കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, അർജുൻ രാം മേഘ് വാൾ എന്നിവർ പങ്കെടുത്തു. രാജ്യത്തിന്റെ കോവിഡ് പോരാട്ടത്തെയും വാക്സിൻ വിതരണമുൾപ്പടെയുളള കാര്യങ്ങളെ കുറിച്ചും ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ സംസാരിച്ചു. കോവിഡ് പ്രതിരോധ വാക്സിൻ ഉല്പാദിപ്പിക്കുന്ന മൂന്ന് ഫാർമ കമ്പനിളിൽ കുറച്ചുദിവസം മുമ്പ് പ്രധാനമന്ത്രി സന്ദർശനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സർവകക്ഷിയോഗം വിളിച്ചുചേർത്തിരിക്കുന്നത്.

