KSDLIVENEWS

Real news for everyone

മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ പുത്തൻ കുതിപ്പ്, ഇസെഡ് പിഎം അധികാരത്തിലേക്ക്

SHARE THIS ON

ദില്ലി: മിസോറാമിൽ ഭരണകക്ഷിയായ എംഎൻഎഫിനെയും കോൺഗ്രസിനെയും പിന്തള്ളി ഇസെഡ്. പിഎമ്മിന്റെ കുതിപ്പ്.  ഭരണകക്ഷിയായ എംഎൻഎഫിനെ ഏറെ പിന്നിലാക്കി, രൂപീകരിച്ച് നാലുവർഷം മാത്രമായ  ഇസെഡ് പിഎം പാർട്ടി വലിയ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. നാൽപ്പത് സീറ്റിൽ 26 ഇടത്ത് ഇസെഡ് പിഎം 11 ഇടത്ത് എംഎൻഎഫ് രണ്ടിടത്ത് ബിജെപി ഒരിടത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നിവ മുന്നിട്ട് നിൽക്കുന്നു. മുഖ്യമന്ത്രി സോറം താങ്ഗ തോൽവിയിലേക്ക് നീങ്ങുകയാണ്.  അതികായരെയടക്കം കടപുഴക്കിയാണ് മിസോറാമിൽ സോറം പീപ്പിൾസ് മൂവ്മെന്റ് അധികാരത്തിലേക്കെത്തുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ തന്നെ സോറം പീപ്പിൾസ് മൂവ്മെന്റിനായിരുന്നു മേൽക്കൈ. ആദ്യ മണിക്കൂറിൽ തന്നെ കേവല ഭൂരിപക്ഷം കടന്നു. ഗ്രാമ നഗര വ്യത്യാസമില്ലാതെ എക്സിറ്റ് പോൾ പ്രവചനങ്ങളും തെറ്റിച്ച് എംഎൻഎഫ് കോട്ടകൾ സോറം പീപ്പിൾസ് മൂവ്മെന്റ് പാർട്ടി പിടിച്ചെടുത്തു. ഒറ്റയ്ക്ക് സർക്കാറുണ്ടാക്കുമെന്ന് ഇസെഡ് പി എം പ്രഖ്യാപിച്ചു. ഭരണ വിരുദ്ധ വികാരമാണ് എംഎൻഎഫിന് തിരിച്ചടിയായത്. മുഖ്യമന്ത്രി സോറം താങ്ഗ ഐസ്വാൾ ഈസ്റ്റ് മണ്ഡലത്തിൽ സെഡ്പിഎം സ്ഥാനാർത്ഥിയോട് തോറ്റു. ഉപമുഖ്യമന്ത്രി താവ്ൻലുയയും പല മന്ത്രിമാരും തോറ്റു. കോൺഗ്രസിന്റെയും ബിജെപിയുടെയും സംസ്ഥാന അധ്യക്ഷൻമാർ മൂന്നും നാലും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  രാഹുൽ ഗാന്ധിയുടെ ക്യാമ്പ് ചെയ്തുള്ള പ്രചാരണവും കോൺഗ്രസിനെ തുണച്ചില്ല. കിങ് മേക്കറാകാൻ കൊതിച്ച കോൺഗ്രസിന് ഒരു സീറ്റിൽ തൃപ്തിപ്പെടേണ്ടി വന്നു. ബിജെപി 2 സീറ്റ് നേടി നില മെച്ചപ്പെടുത്തി. എൻഡിഎ സഖ്യത്തിലാണെങ്കിലും മണിപ്പൂർ കലാപം, ഏകീകൃത സിവിൽ കോഡ് എന്നീ വിഷയങ്ങളിൽ ബിജെപിക്കെതിരെ നിലപാടെടുത്ത സോറം താങ്ഗ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിടാൻ തയാറായിരുന്നില്ല. മണിപ്പൂർ കലാപം എംഎൻഎഫിനെ ഒരു പരിധി വരെ ബാധിച്ചെങ്കിലും താരതമ്യേന പുതിയ പാർട്ടിയായ സെഡ്പിഎം യുവവോട്ടർമാരിൽ ഉയർത്തിയ പ്രതീക്ഷയാണ് ഈ വൻ വിജയത്തിന് കാരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!