മണിപ്പൂരിൽ വീണ്ടും സംഘർഷം; ഏറ്റുമുട്ടലിൽ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ന്യൂഡൽഹി: മണിപ്പൂരിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. തെങ്നൗപാൽ ജില്ലയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഉണ്ടായ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിലാണ് ഏറ്റമുട്ടൽ ഉണ്ടായത്. സുരക്ഷാസേന സ്ഥലത്തെത്തിയപ്പോൾ 13 മൃതദേഹങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മൃതദേഹങ്ങൾക്കരികിൽ ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കൊല്ലപ്പെട്ടവർ ലെയ്തു ഗ്രാമത്തിൽ നിന്നുള്ളവരല്ലെന്നും മറ്റെതെങ്കിലും പ്രദേശത്തുനിന്നുമെത്തിയവരാകാമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. മരണപ്പെട്ടവരുടെ വിവരങ്ങൾ പോലീസോ സേനയൊ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വിവരം. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മെയ് മൂന്നുമുതൽ മണിപ്പൂരിൽ മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ വംശീയ സംഘർഷത്തിൽ 182 പേർ കൊല്ലപ്പെടുകയും 50000-ഓളം പേർ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. ചില ജില്ലകളിലെ അതിർത്തി പ്രദേശങ്ങൾ ഒഴികെ അക്രമബാധിത പ്രദേശങ്ങളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ഏഴ് മാസങ്ങൾക്ക് ശേഷം അധികൃതർ നീക്കിയത് ഞായറാഴ്ചയാണ്.