പ്രവചന സിംഹമേ..: രാജസ്ഥാൻ, തെലങ്കാന തിരഞ്ഞെടുപ്പു ഫലം കൃത്യമായി പ്രവചിച്ച് റാഷിദ്l
കോഴിക്കോട്: രാജസ്ഥാൻ, തെലങ്കാന തിരഞ്ഞെടുപ്പ് ഫലം വോട്ടെണ്ണുന്നതിന് മുമ്പുതന്നെ കൃത്യമായി പ്രവചിച്ച് സമൂഹമാധ്യമങ്ങിലുൾപ്പടെ താരമാകുകയാണ് കോഴിക്കോട് നാദാപുരം സ്വദേശി റാഷിദ് വി.പി. കർണാടക, കേരളാ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും റാഷിദ് ഇതുപോലെ കിറുകൃത്യമായി പ്രവചിച്ചിരുന്നു. ഇതെങ്ങെനെ പറ്റുന്നു എന്ന് ചോദ്യത്തിന് ഒരൊറ്റവാചകത്തിൽ റാഷിദിന്റെ മറുപടി, ‘കൃത്യമായ രാഷ്ട്രീയ നിരീക്ഷണം’. ചെറുപ്പകാലത്ത് പത്രം വായനയിലൂടെയാണ് രാഷ്ട്രീയത്തോടുള്ള റാഷിദിന്റെ താത്പര്യം വളരുന്നത്. വീട്ടിൽ വരുത്തുന്ന പത്രം വായിച്ചുകഴിഞ്ഞാൽ തൊട്ടടുത്തുള്ള വായനശാലയിൽ പോയി മറ്റു പത്രങ്ങൾ കൂടി വായിക്കും. ടെലിവിഷൻ വാർത്തകൾ കൂടുതൽ പ്രചാരം നേടിത്തുടങ്ങിയതോടെ പത്രവായനക്കൊപ്പം ചാനലിൽ വരുന്ന വാർത്തകളും ശ്രദ്ധിക്കാൻ തുടങ്ങി. രാഷ്ട്രീയത്തോടുള്ള ആവേശം കാരണം ഡിഗ്രിക്ക് പൊളിറ്റിക്കൽ സയൻസ് എടുത്ത് പഠനം തുടങ്ങിയെങ്കിലും കുടുംബ സാഹചര്യങ്ങൾ കാരണം റാഷിദിന് ബിരുദം പൂർത്തിയാക്കാനാകാതെ പ്രവാസിയാകേണ്ടി വന്നു. നാട്ടിൽ നിന്ന് തീർത്തും വ്യത്യസ്തമായ മറ്റൊരു ലോകത്തേക്ക് ജീവിതം പറിച്ചുനടപ്പെട്ടെങ്കിലും രാഷ്ട്രീയത്തോടുള്ള താത്പര്യം കൈവിട്ടില്ലെന്ന് റാഷിദ് പറയുന്നു. സമൂഹമാധ്യമങ്ങളിലും ടെലിവിഷൻ ചാനലുകളിലുമെല്ലാമായി വാർത്തകൾ റാഷിദ് പിന്തുടരുന്നുണ്ടായിരുന്നു. ഏറെക്കാലമായി തിരഞ്ഞെടുപ്പ് ഫലങ്ങൾ മനസ്സിൽ കണക്കുകൂട്ടി ഉറപ്പിക്കാറുണ്ടെങ്കിലും സമൂഹമാധ്യമത്തിൽ പ്രവചനം പോസ്റ്റ് ചെയ്യാനുള്ള ധൈര്യം വരുന്നത് 2020-ലാണ്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലമാണ് റാഷിദ് സോഷ്യൽ മീഡിയ അക്കൗണ്ടിൽ ആദ്യം പോസ്റ്റ് ചെയ്തത്. അത് ക്ലിക്കായതോടെ സുഹൃത്തുക്കൾ മാത്രമല്ല രാഷ്ട്രീയക്കാരും റാഷിദിന്റെ പ്രവചനങ്ങൾ ശ്രദ്ധിച്ചുതുടങ്ങി. ഇപ്പോൾ തിരഞ്ഞെടുപ്പ് ഫലപ്രവചനം വലിയ ഉത്തരവാദിത്വം കൂടിയാണെന്ന് റാഷിദ് പറയുന്നു. ഇന്ത്യയിൽ എവിടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും വാട്സാപ്പിലും മെസഞ്ചറിലുമെല്ലാം പലരും ചോദ്യങ്ങളുമായി എത്തും. എന്താവും സ്ഥിതി എന്നാണ് എല്ലാവർക്കും അറിയേണ്ടത്. സമ്മർദ്ദങ്ങൾ ഏറെ ഉണ്ടാകുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ എല്ലാ രാഷ്ട്രീയ കക്ഷികളുടേയും നീക്കങ്ങൾ കൃത്യമായി നീരീക്ഷിക്കുകയും വോട്ടിങ് ശതമാനം വിശകലനം ചെയ്യുകയും ചെയ്ത ശേഷം മാത്രമേ റാഷിദ് ഫലം പ്രവചിക്കൂ. ഓരോ സ്ഥലത്തും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ പ്രധാന രാഷ്ട്രീയ പാർട്ടികളുടേയും നേതാക്കളുടേയും സോഷ്യൽ മീഡിയാ പേജുകളും ദേശീയ പ്രാദേശിക മാധ്യമങ്ങളും നിരീക്ഷിക്കാറുണ്ട് ഈ ചെറുപ്പക്കാരൻ. Advertisement കേരളത്തിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയുമുണ്ട് രണ്ടര വർഷം, എന്നാലും എന്താവും സാധ്യതകൾ എന്ന് ചോദിച്ചപ്പോൾ റാഷിദിന്റെ മറുപടി ഇങ്ങനെ; കേരളത്തിൽ നിഷ്പക്ഷ വോട്ടുകൾ ജയപരാജയം നിർണയിക്കുന്നതിൽ ഏറെ നിർണായകമായി കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും സത്യസന്ധമായി പ്രവർത്തിക്കാനും കഴിയുന്നവർക്കാണ് ഇനി സാധ്യതയെന്നാണ് റാഷിദിന്റെ വിലയിരുത്തൽ