അയ്യപ്പഭക്തരുടെ ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു; ഒരുമരണം, 3 പേരുടെ നില ഗുരുതരം
കൊല്ലം: ആര്യങ്കാവില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരു മരണം സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച പുലര്‍ച്ചെ 3.45-ഓടെയായിരുന്നു അപകടം.
സേലം സ്വദേശി ധനപാലാണ് മരിച്ചത്. പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് സേലം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. അയ്യപ്പദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കൊല്ലം ആര്യങ്കാവ് പഴയ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം നടന്നത്.
ബസില്‍ സേലം സ്വദേശികളായ 30 പേർ ഉണ്ടായിരുന്നു 16 പേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട്ടില്‍നിന്ന് സിമന്റുമായി വന്ന ലോറിയാണ് ബസുമായി കൂട്ടിയിടിച്ചത്. ലോറി തെറ്റായ ദിശയില്‍ വന്നതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
100 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.